
രാജ്‌നാഥ് സിംഗ് അമേരിക്കൻ സന്ദർശനം മാറ്റിവെച്ചു; പ്രതിരോധ ഇടപാടുകളെ ബാധിക്കില്ലെന്ന് മന്ത്രാലയം
ന്യൂഡൽഹി: പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് തന്റെ അമേരിക്കൻ സന്ദർശനം മാറ്റിവെച്ചു. ഓഗസ്റ്റ് അവസാന വാരം നടത്താൻ നിശ്ചയിച്ചിരുന്ന യാത്രയാണ് മാറ്റിവെച്ചത്. സന്ദർശനം റദ്ദാക്കിയിട്ടില്ലെന്നും അടുത്ത രണ്ട് മാസത്തിനുള്ളിൽ നടന്നേക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 50% ഇറക്കുമതി തീരുവ ചുമത്തുകയും, തീരുവ പ്രശ്നം പരിഹരിക്കുന്നതുവരെ ഇന്ത്യയുമായി വ്യാപാര ചർച്ചകൾക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ മാറ്റം എന്നത് ശ്രദ്ധേയമാണ്. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് ട്രംപ് തീരുവ 25 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയർത്തിയത്.
പ്രതിരോധ ഇടപാടുകൾ തുടരും
അതേസമയം, അമേരിക്കയിൽ നിന്നുള്ള പ്രതിരോധ സാമഗ്രികൾ വാങ്ങുന്നത് ഇന്ത്യ നിർത്തിവെച്ചുവെന്ന തരത്തിലുള്ള വാർത്തകൾ പ്രതിരോധ മന്ത്രാലയം നിഷേധിച്ചു. “യുഎസുമായുള്ള പ്രതിരോധ ഇടപാടുകൾ ഇന്ത്യ നിർത്തിവെച്ചുവെന്ന വാർത്തകൾ തെറ്റും കെട്ടിച്ചമച്ചതുമാണ്. നിലവിലെ നടപടിക്രമങ്ങൾ അനുസരിച്ച് വിവിധ വാങ്ങൽ നടപടികൾ പുരോഗമിക്കുകയാണ്,” എന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. നിലവിലുള്ള കരാറുകൾ പ്രകാരമുള്ള പ്രതിരോധ സാമഗ്രികളുടെ ഇറക്കുമതി തുടരുന്നുണ്ടെന്നും ഒരു ഇടപാടും നിർത്തിവെച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതിനായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ജൂലൈ ഒന്നിന് രാജ്‌നാഥ് സിംഗുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് അദ്ദേഹത്തെ അമേരിക്കയിലേക്ക് ക്ഷണിച്ചത്. അടുത്ത 10 വർഷത്തേക്കുള്ള യുഎസ്-ഇന്ത്യ പ്രതിരോധ ചട്ടക്കൂടിൽ ഒപ്പുവെക്കാൻ ഇരുവരും ഈ കൂടിക്കാഴ്ചയിൽ തീരുമാനിച്ചിരുന്നു.