
ശ്വേത മികച്ച പ്രസിഡൻ്റാകും! പിന്തുണയുമായി നടൻ റഹ്മാൻ
തിരുവനന്തപുരം: അമ്മ (AMMA) തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടി ശ്വേത മേനോനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് നടൻ റഹ്മാൻ. ശ്വേതയ്ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് റഹ്മാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ശ്വേതയെ തനിക്കറിയാമെന്നും അവർ സിനിമയിൽ താൻ കണ്ടുമുട്ടിയ ഏറ്റവും നല്ല വ്യക്തികളിൽ ഒരാളാണെന്നും റഹ്മാൻ പറഞ്ഞു.
“ഈ ആരോപണങ്ങൾ കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി എനിക്ക് ശ്വേതയെ അറിയാം.
ഞങ്ങളൊന്നിച്ച് ഒരു സിനിമയിലേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും, ഒരുപാട് സ്റ്റേജ് ഷോകളും മറ്റ് പരിപാടികളും ഒരുമിച്ചുണ്ടായിരുന്നു. ആ സമയങ്ങളിലെല്ലാം ശ്വേതയുടെ സ്വഭാവം എന്താണെന്ന് എനിക്ക് മനസ്സിലായിട്ടുണ്ട്. സഹപ്രവർത്തകരോടും, പ്രത്യേകിച്ചും പുതുമുഖങ്ങളോടും, മറ്റ് അണിയറ പ്രവർത്തകരോടും, ആരാധകരോടുമെല്ലാം ശ്വേത സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് ഇടപെട്ടിരുന്നത്,” റഹ്മാൻ കുറിച്ചു.
അസുഖം കാരണം പ്രതികരിക്കാൻ വൈകിയതിനും പ്രിയ സുഹൃത്ത് ഷാനവാസിൻ്റെ മരണത്തിലെ ദുഃഖം കാരണവുമാണ് പ്രതികരിക്കാൻ വൈകിയതെന്നും റഹ്മാൻ വ്യക്തമാക്കി. “ഇത് ശ്വേതയുടെ പേര് നശിപ്പിക്കാനും അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് തടയാനുമുള്ള ഒരു വൃത്തികെട്ട കളിയാണ്. രാഷ്ട്രീയത്തിൽ ഇത്തരം കളികൾ സാധാരണമാണ്, പക്ഷേ സിനിമയിൽ ഇങ്ങനെയുണ്ടാകുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല.
ഈ പ്രതിസന്ധി ശ്വേതയുടെ മനസ്സിനെ തകർക്കാൻ അനുവദിക്കരുത്. സ്വന്തം കഠിനാധ്വാനം കൊണ്ടാണ് ശ്വേത ഈ നിലയിലെത്തിയത്. ഈ കൊടുങ്കാറ്റിനെ അതിജീവിക്കാൻ ശ്വേതയ്ക്ക് കഴിയും. ശ്വേത തീർച്ചയായും ഒരു മികച്ച പ്രസിഡന്റാകും. എന്റെ പൂർണ്ണ പിന്തുണയുണ്ടാകും,” റഹ്മാൻ കൂട്ടിച്ചേർത്തു.