
ഓണത്തിന് ബോണസും അഡ്വാൻസും ഉയർത്തണമെന്ന് ജീവനക്കാർ
തിരുവനന്തപുരം: ഓണക്കാലം അടുത്തതോടെ സർക്കാർ ജീവനക്കാർക്കുള്ള ബോണസ്, ഉത്സവ ബത്ത, അഡ്വാൻസ് എന്നിവ വർധിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ വർഷത്തെ അതേ നിരക്കുകൾ തുടരാനാണ് സാധ്യതയെന്ന് സർക്കാർ തലത്തിൽ സൂചനകൾ പുറത്തുവരുമ്പോഴാണ് ജീവനക്കാർ ആവശ്യം കടുപ്പിക്കുന്നത്.
കഴിഞ്ഞ വർഷം 37,129 രൂപയോ അതിൽ കുറവോ ശമ്പളമുള്ളവർക്ക് 4000 രൂപയായിരുന്നു ബോണസായി നൽകിയത്. ഈ ശമ്പള പരിധിയും ബോണസ് തുകയും വർധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. 2750 രൂപയായിരുന്ന പ്രത്യേക ഉത്സവ ബത്തയും 20,000 രൂപയായിരുന്ന ഓണം അഡ്വാൻസും ഉയർത്തണമെന്നും ജീവനക്കാർ ആവശ്യപ്പെടുന്നു.
ഓണക്കാലത്ത് ജീവനക്കാർക്ക് ലഭിക്കുന്ന പണം വിപണിയിൽ ചെലവഴിക്കുന്നത് സാമ്പത്തിക രംഗത്തിന് ഉണർവേകുമെന്നും, ഇത് നികുതി വരുമാനത്തിലൂടെ സർക്കാരിന് തന്നെ ഗുണകരമാകുമെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും, അതിനാൽ ഇത്തവണയും കഴിഞ്ഞ വർഷത്തെ അതേ നിരക്കിൽ ബോണസും ബത്തയും നൽകാനാണ് സാധ്യതയെന്നുമാണ് ധനവകുപ്പിൽ നിന്ന് ലഭിക്കുന്ന സൂചന.