
ക്ഷാമബത്ത ഓണ സമ്മാനം! ജീവനക്കാർക്കും പെൻഷൻകാർക്കും 3 ശതമാനം ക്ഷാമബത്ത സെപ്റ്റംബർ 1 മുതൽ വിതരണം ചെയ്തേക്കും
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഓണസമ്മാനമായി ക്ഷാമബത്തയും ക്ഷാമ ആശ്വാസവും നൽകാൻ ധനവകുപ്പ്. 2022 ജൂലൈ പ്രാബല്യത്തിലുള്ള 3 ശതമാനം ക്ഷാമബത്തയും ക്ഷാമ ആശ്വാസവും സെപ്റ്റംബർ ഒന്ന് മുതൽ വിതരണം ചെയ്യുന്ന ശമ്പളത്തിനും പെൻഷനുമൊപ്പം ലഭിക്കുക എന്ന സൂചനകളാണ് ലഭിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് അടുത്ത ആഴ്ച പുറത്തിറങ്ങിയേക്കും.
ജൂലൈ 25 ന് 3 ശതമാനം ക്ഷാമബത്ത അനുവദിക്കാനുള്ള ഫയൽ ധന അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ ധനമന്ത്രി കെ.എൻ. ബാലഗോപാലിന് കൈമാറിയിരുന്നു. പതിവ് പോലെ ക്ഷാമബത്ത ഫയലിൽ തീരുമാനമെടുക്കാതെ ബാലഗോപാൽ ഇത് തൻ്റെ പേഴ്സണൽ സ്റ്റാഫിന് കൈ മാറി. ഇതിനെതിരെ ജീവനക്കാരുടെ പ്രതിഷേധം ശക്തമായതോടെ ഇന്നലെ പേഴ്സണൽ സ്റ്റാഫ് ക്ഷാമബത്ത ഫയൽ വീണ്ടും ധനമന്ത്രിക്ക് സമർപ്പിച്ചു. ഓണസമ്മാനമായി ക്ഷാമബത്ത അനുവദിക്കാം എന്ന രീതിയിൽ ബാലഗോപാൽ തീരുമാനം എടുത്തെന്ന സൂചനകളാണ് ലഭിക്കുന്നത്.
കുടിശികയില്ലാതെ 3 ശതമാനം വർദ്ധനവ്;
പ്രഖ്യാപിക്കുന്ന 3 ശതമാനം ക്ഷാമബത്തയ്ക്ക് കുടിശിക ലഭിക്കില്ല. നേരത്തെയും ധനമന്ത്രി ബാലഗോപാൽ പ്രഖ്യാപിച്ച മൂന്ന് ഗഡു ക്ഷാമബത്തയ്ക്കും കുടിശിക നൽകിയിരുന്നില്ല. ഇതോടെ ജീവനക്കാർക്കും പെൻഷൻകാർക്കും ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്.
നിലവിൽ ആറ് ഗഡു ക്ഷാമബത്തയാണ് കുടിശികയുള്ളത്. ഇപ്പോൾ ഒരു ഗഡു അനുവദിക്കുന്നതോടെ ഇത് അഞ്ച് ഗഡുക്കളായി കുറയും. എന്നാൽ, 2025 ജൂലൈയിലെ ക്ഷാമബത്ത കേന്ദ്രസർക്കാർ സെപ്റ്റംബറിൽ പ്രഖ്യാപിക്കുന്നതോടെ കേരളത്തിലെ കുടിശിക വീണ്ടും ആറ് ഗഡുക്കളാക്കും. ക്ഷാമബത്ത കുടിശികയിൽ രാജ്യത്ത് ഒന്നാം സ്ഥാനത്താണ് കേരളം.