Kerala Government NewsNews

ക്ഷാമബത്ത കുടിശ്ശിക: സർക്കാർ ജീവനക്കാർ ഹൈക്കോടതിയിൽ; “ഐഎഎസുകാർക്ക് ഒരു നീതി, ഞങ്ങൾക്ക് മറ്റൊരു നീതിയോ?” എന്ന് ഹർജി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ക്ഷാമബത്ത (ഡി.എ) കുടിശ്ശിക അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ജീവനക്കാരുടെ സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചു. 20 ശതമാനത്തോളം വരുന്ന ഡി.എ കുടിശ്ശിക അടിയന്തരമായി അനുവദിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. സർവകലാശാല ജീവനക്കാരുടെ സംഘടനയായ ഫെഡറേഷനാണ് മുതിർന്ന അഭിഭാഷകൻ ജോർജ്ജ് പൂന്തോട്ടം മുഖേന ഹൈക്കോടതിയിൽ ഹർജി നൽകിയത്. കേസ് തിങ്കളാഴ്ച പരിഗണിക്കും.

ഹർജിയിലെ പ്രധാന ആരോപണം വിവേചനം

ഐഎഎസ്, ഐപിഎസ് പോലുള്ള അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥർക്കും ജുഡീഷ്യൽ ഓഫീസർമാർക്കും സർക്കാർ കൃത്യമായി ക്ഷാമബത്ത അനുവദിക്കുന്നുണ്ടെന്നും, എന്നാൽ സാധാരണ സർക്കാർ ജീവനക്കാരോട് വിവേചനം കാണിക്കുന്നുവെന്നും ഹർജിയിൽ ശക്തമായി ആരോപിക്കുന്നു. ഇതേ കാലയളവിൽ ഐഎഎസ് ഉദ്യോഗസ്ഥർക്ക് ഒൻപത് ഗഡു ക്ഷാമബത്തയും അതിന്റെ കുടിശ്ശികയും പണമായി നൽകിയപ്പോൾ, സാധാരണ ജീവനക്കാർക്ക് നൽകിയത് വെറും മൂന്ന് ഗഡുക്കൾ മാത്രമാണെന്നും ഇതിന്റെ കുടിശ്ശിക നൽകിയിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇത് ജീവനക്കാർക്ക് ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കി.

കുടിശ്ശിക

2022 ജനുവരിയിലെ നിരക്കിലുള്ള ക്ഷാമബത്തയാണ് സംസ്ഥാന ജീവനക്കാർക്ക് അവസാനമായി ലഭിച്ചത്. 2022 ജൂലൈ മുതലുള്ള ഏഴ് ഗഡുക്കളാണ് സർക്കാർ നൽകാനുള്ളത്. പശ്ചിമ ബംഗാൾ സർക്കാരിനെതിരായ സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാർ കോടതിയെ സമീപിച്ചിരിക്കുന്നത്.

കോളേജ് അധ്യാപകരുടെ സംഘടനയായ കെപിസിടിഎയും യുജിസി ശമ്പള പരിഷ്കരണ കുടിശ്ശികയും 2021 മുതലുള്ള ഡിഎ കുടിശ്ശികയും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങൾ സമയബന്ധിതമായി പ്രൊപ്പോസൽ നൽകി കേന്ദ്ര വിഹിതം നേടിയപ്പോൾ, കേരള സർക്കാർ അനാസ്ഥ കാണിച്ചതാണ് യുജിസി കുടിശ്ശിക വൈകാൻ കാരണമെന്നും ആക്ഷേപമുണ്ട്.

മലയാളം മീഡിയ ലൈവ് വാർത്തകള്‍ തല്‍സമയം ലഭിക്കാൻ ഔദ്യോഗിക വാട്ട്സാപ്പ് ചാനലില്‍ അംഗമാകൂ.. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.. https://whatsapp.com/channel/0029Vb6TpEe0LKZD61weOU1Q