
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം മുടങ്ങിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പരസ്പരം പഴിചാരി സർക്കാർ, സ്പോൺസർ, അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) എന്നിവർ. മെസ്സി വരാത്തതിൽ സർക്കാരിന് ഉത്തരവാദിത്തമില്ലെന്നും, കരാറിൽ ഒപ്പുവെച്ചത് സ്പോൺസർമാരാണെന്നും കായിക മന്ത്രി വി. അബ്ദുറഹിമാൻ വ്യക്തമാക്കി. എഎഫ്എയുടേതെന്ന പേരിൽ പുറത്തുവന്ന ചാറ്റിന് വിശ്വാസ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബറിൽ ടീമിനെ എത്തിക്കാനാണ് ശ്രമം നടത്തിയത്. എന്നാൽ, ഈ സമയത്ത് വരാൻ കഴിയില്ലെന്ന് അർജന്റീന അറിയിച്ചതോടെ പിന്മാറുകയല്ലാതെ മറ്റ് വഴികളില്ലായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, മന്ത്രിയുടെ വാദങ്ങളെ തള്ളി എഎഫ്എ നേരത്തെ രംഗത്തെത്തിയിരുന്നു. കേരള സർക്കാരാണ് കരാർ ലംഘിച്ചതെന്നും, വിഷയത്തിൽ തങ്ങളെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും എഎഫ്എ ചീഫ് മാർക്കറ്റിംഗ് ഹെഡ് ലിയാൻഡ്രോ പീറ്റേഴ്സൺ വ്യക്തമാക്കിയിരുന്നു.
വ്യത്യസ്ത വാദവുമായി സ്പോൺസർ
എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ നിലപാടാണ് സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിന്റേത്. ടീം കേരളത്തിലേക്ക് വരില്ലെന്ന് ഇതുവരെ ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും, 2026 ലോകകപ്പിന് ശേഷം സെപ്റ്റംബറിൽ എത്തിയേക്കാമെന്നാണ് പറയുന്നതെന്നും എംഡി ആന്റോ അഗസ്റ്റിൻ പറഞ്ഞു. ഈ വർഷം ഒക്ടോബറിലോ നവംബറിലോ ഏഴ് ദിവസത്തേക്ക് ടീമിനെ ഇന്ത്യയിലെത്തിക്കാമെന്നായിരുന്നു എഎഫ്എയുമായുള്ള കരാറെന്നും അദ്ദേഹം വ്യക്തമാക്കി.