
ഇന്ത്യയുടെ ആയുധ ഉത്പാദനം 1.51 ലക്ഷം കോടി രൂപ കടന്നു, സർവകാല റെക്കോർഡ്
ന്യൂഡൽഹി: രാജ്യത്തെ പ്രതിരോധ ഉത്പാദനത്തിൽ സർവകാല റെക്കോർഡ്. 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വാർഷിക പ്രതിരോധ ഉത്പാദനം 1,50,590 കോടി രൂപ എന്ന എക്കാലത്തെയും ഉയർന്ന സംഖ്യയിലെത്തി. മുൻ സാമ്പത്തിക വർഷത്തെ 1.27 ലക്ഷം കോടി രൂപയിൽ നിന്ന് 18% വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രതിരോധ ഉത്പാദന വകുപ്പിന്റെയും പൊതു-സ്വകാര്യ മേഖലയിലെ എല്ലാ പങ്കാളികളുടെയും കൂട്ടായ പരിശ്രമത്തെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു. ഈ കുതിപ്പ് ഇന്ത്യയുടെ പ്രതിരോധ വ്യാവസായിക അടിത്തറ ശക്തിപ്പെടുന്നതിന്റെ വ്യക്തമായ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
കുതിച്ചുയർന്ന് സ്വകാര്യ മേഖല
മൊത്തം ഉത്പാദനത്തിന്റെ ഏകദേശം 77% പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾ (ഡിപിഎസ്യു) സംഭാവന ചെയ്തപ്പോൾ, സ്വകാര്യമേഖലയുടെ പങ്ക് 23% ആയി ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 21% ആയിരുന്ന സ്വകാര്യമേഖലാ പങ്കാളിത്തം ഈ വർഷം 23% ആയി വർധിച്ചത്, രാജ്യത്തിന്റെ പ്രതിരോധ രംഗത്ത് സ്വകാര്യ മേഖലയുടെ വർധിച്ചുവരുന്ന പ്രാധാന്യം വ്യക്തമാക്കുന്നു. 2024-25 വർഷത്തിൽ പൊതുമേഖലയിൽ 16 ശതമാനത്തിന്റെയും സ്വകാര്യ മേഖലയിൽ 28 ശതമാനത്തിന്റെയും ഉത്പാദന വളർച്ചയുണ്ടായി.
കഴിഞ്ഞ ദശകത്തിൽ സർക്കാർ നടപ്പിലാക്കിയ നയപരമായ പരിഷ്കാരങ്ങൾ, മെച്ചപ്പെട്ട ബിസിനസ് സാഹചര്യങ്ങൾ, തദ്ദേശീയവൽക്കരണത്തിലുള്ള ശ്രദ്ധ എന്നിവയാണ് ഈ നേട്ടത്തിന് പിന്നിലെന്ന് സർക്കാർ വിലയിരുത്തുന്നു.
കയറ്റുമതിയിലും റെക്കോർഡ്
പ്രതിരോധ ഉത്പാദനത്തിന് പുറമെ, പ്രതിരോധ കയറ്റുമതിയും 2024-25 സാമ്പത്തിക വർഷത്തിൽ 23,622 കോടി രൂപ എന്ന റെക്കോർഡ് ഉയരത്തിലെത്തി. മുൻ വർഷത്തെ 21,083 കോടി രൂപയിൽ നിന്ന് 12.04% വളർച്ചയാണ് കയറ്റുമതിയിൽ രേഖപ്പെടുത്തിയത്.