FootballNews

‘കരാർ ലംഘിച്ചത് കേരള സർക്കാർ, മെസ്സി വരില്ല’; അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ വെളിപ്പെടുത്തൽ, മന്ത്രിയുടെ യാത്രയും വിവാദത്തിൽ

തിരുവനന്തപുരം: ലയണൽ മെസ്സിയും അർജന്റീനൻ ഫുട്ബോൾ ടീമും കേരളത്തിൽ കളിക്കാനെത്തുമെന്ന കായിക പ്രേമികളുടെ സ്വപ്നങ്ങൾക്ക് തിരിച്ചടി. മത്സരങ്ങൾ മുടങ്ങിയതിന്റെ പൂർണ്ണ ഉത്തരവാദിത്തം കേരള സർക്കാരിനാണെന്നും, സർക്കാർ കരാർ ലംഘിച്ചെന്നും അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) പ്രതിനിധി തുറന്നടിച്ചു. ഈ വർഷം അർജന്റീനൻ ടീം കേരളത്തിൽ കളിക്കാനായി എത്തില്ലെന്ന് എഎഫ്എ മാർക്കറ്റിങ് വിഭാഗം മേധാവി ലിയാൻഡ്രോ പീറ്റേഴ്സൻ സ്ഥിരീകരിച്ചു. കരാറിലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ കേരള സർക്കാർ പരാജയപ്പെട്ടെന്നും, അവരാണ് കരാർ ലംഘിച്ചതെന്നും പീറ്റേഴ്സൻ ആരോപിച്ചു. എന്നാൽ, കരാർ ലംഘനത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.

മന്ത്രിയുടെ കൂടിക്കാഴ്ച ഇടനിലക്കാരുമായി?

അതിനിടെ, കായിക മന്ത്രി വി. അബ്ദുറഹിമാനും ഉദ്യോഗസ്ഥരും എഎഫ്എയുമായി ചർച്ച നടത്താനെന്ന പേരിൽ സ്പെയിനിൽ പോയി കൂടിക്കാഴ്ച നടത്തിയത് ഔദ്യോഗിക പ്രതിനിധികളെയല്ല, മറിച്ച് ഏജന്റുമാരെയാണെന്നും സൂചനയുണ്ട്. സർക്കാർ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനെ ഒഴിവാക്കി സ്വകാര്യ ഏജൻസികൾ വഴി നീക്കം നടത്തിയതാണ് ഭീമമായ തുക ഫീസായി വരാൻ കാരണമെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഇടനിലക്കാരുടെ കമ്മീഷൻ ഉൾപ്പെട്ടതോടെയാണ് ഫീസ് തുക ഉയർന്നത്.

കോടികളുടെ ഇടപാടും സർക്കാർ മൗനവും

അർജന്റീനയുടെ രണ്ട് മത്സരങ്ങൾക്കായി 130 കോടി രൂപ ഫീസായി അടച്ചുവെന്നാണ് സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പറയുന്നത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട കരാർ വിവരങ്ങളോ ഇടപാടുകളോ പരസ്യമാക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും സ്പെയിൻ യാത്രയ്ക്കായി സർക്കാർ ഖജനാവിൽ നിന്ന് 13 ലക്ഷത്തിലേറെ രൂപ ചെലവഴിച്ചതായും വിവരമുണ്ട്.

മലയാളം മീഡിയ ലൈവ് വാർത്തകള്‍ തല്‍സമയം ലഭിക്കാൻ ഔദ്യോഗിക വാട്ട്സാപ്പ് ചാനലില്‍ അംഗമാകൂ.. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.. https://whatsapp.com/channel/0029Vb6TpEe0LKZD61weOU1Q