News

ഹാരിസിനെ സംശയനിഴലിലാക്കി മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍; മുറിയിൽ ആരോ ഉപകരണം കൊണ്ടുവെച്ചെന്നും പുതിയ ബോക്സും ബില്ലും കണ്ടെത്തിയെന്നും വാദം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ‘ഉപകരണ വിവാദ’ത്തിൽ ദുരൂഹത വർധിപ്പിച്ച് പ്രിൻസിപ്പൽ പി.കെ. ജബ്ബാറിന്റെ വെളിപ്പെടുത്തലുകൾ. ഡോ. ഹാരിസ് ചിറക്കലിന്റെ മുറിയിൽ നടത്തിയ പരിശോധനയിൽ വലിയൊരു ബോക്സും ഓഗസ്റ്റ് രണ്ടിന് ഉപകരണം വാങ്ങിയതിന്റെ ബില്ലുകളും കണ്ടെത്തിയതായി പ്രിൻസിപ്പൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇത് അസ്വാഭാവികമാണെന്നും വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡോ. ഹാരിസ് അവധിയിലായിരിക്കെ മറ്റാരോ ആണ് ഈ ബോക്സ് മുറിയിൽ കൊണ്ടുവെച്ചതെന്നാണ് പ്രിൻസിപ്പൽ സംശയിക്കുന്നത്. സിസിടിവി ദൃശ്യങ്ങളിൽ ആരോ ഒരാൾ മുറിക്കുള്ളിലേക്ക് കടന്നുപോകുന്നത് കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഡോ. ഹാരിസിന്റെ മുറിയുടെ താക്കോൽ മറ്റൊരു ഡോക്ടറുടെ കൈവശമാണെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.

നേരത്തെ സർക്കാർ നിയോഗിച്ച അന്വേഷണ സമിതി മെഡിക്കൽ കോളേജിൽ നിന്ന് ഒരു ഉപകരണം കാണാനില്ലെന്ന് റിപ്പോർട്ട് നൽകിയിരുന്നു. ഇത് ആരോഗ്യമന്ത്രി വീണാ ജോർജ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നടത്തിയ ആദ്യ പരിശോധനയിൽ ഉപകരണം ഒരു ചെറിയ പെട്ടിയിൽ മുറിയിലുണ്ടായിരുന്നുവെന്നും, എന്നാൽ പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് വലിയ പെട്ടിയും അതിൽ ബില്ലുകളും കണ്ടെത്തിയതെന്നും പ്രിൻസിപ്പൽ പറഞ്ഞു. ഈ കണ്ടെത്തലിൽ അസ്വാഭാവികതയുണ്ടെന്നും, ഇപ്പോൾ കണ്ടെത്തിയ ഉപകരണം പുതിയതായി വാങ്ങിയതാണോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുറിക്കുള്ളിൽ ആരോ കടന്നതായി സിസിടിവി ദൃശ്യങ്ങളുണ്ടെങ്കിൽ എന്തുകൊണ്ട് പോലീസിൽ പരാതി നൽകിയില്ലെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, തങ്ങൾ സർക്കാരിനാണ് റിപ്പോർട്ട് നൽകേണ്ടത് എന്നായിരുന്നു പ്രിൻസിപ്പലിന്റെ മറുപടി. ഡോ. ഹാരിസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ അദ്ദേഹത്തിന് മെമ്മോ നൽകിയിട്ടുണ്ടെന്നും, അത് സാധാരണ നടപടിക്രമം മാത്രമാണെന്നും പ്രിൻസിപ്പൽ പറഞ്ഞു.

മലയാളം മീഡിയ ലൈവ് വാർത്തകള്‍ തല്‍സമയം ലഭിക്കാൻ ഔദ്യോഗിക വാട്ട്സാപ്പ് ചാനലില്‍ അംഗമാകൂ.. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.. https://whatsapp.com/channel/0029Vb6TpEe0LKZD61weOU1Q