
“തന്നെ കുടുക്കാൻ ശ്രമം, ഓഫീസിൽ കൃത്രിമം നടക്കുമോയെന്ന് ഭയം”; മെഡിക്കൽ കോളേജ് വിവാദത്തിൽ ഡോ. ഹാരിസിന്റെ ഗുരുതര ആരോപണം
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ഉപകരണ വിവാദം പുതിയ തലത്തിലേക്ക്. തന്നെ കുടുക്കാനും വ്യക്തിപരമായി ആക്രമിക്കാനും ശ്രമം നടക്കുന്നുവെന്ന ഗുരുതരമായ ആരോപണവുമായി യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് രംഗത്തെത്തി.
ഔദ്യോഗിക രഹസ്യ രേഖകൾ സൂക്ഷിച്ചിട്ടുള്ള തന്റെ ഓഫീസ് മുറി അധികൃതർ മറ്റൊരു പൂട്ടിട്ട് പൂട്ടിയതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും, കൃത്രിമം കാണിച്ച് തന്നെ കുടുക്കുമോ എന്ന് ഭയമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ) ഭാരവാഹികൾക്ക് നൽകിയ കുറിപ്പിലാണ് ഡോ. ഹാരിസ് തന്റെ ആശങ്കകളും ആരോപണങ്ങളും വിശദമാക്കിയത്.
ചൊവ്വാഴ്ച പ്രിൻസിപ്പൽ മുറി തുറന്ന് പരിശോധന നടത്തുകയും ഫോട്ടോയും വീഡിയോയും എടുക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ, കഴിഞ്ഞ ദിവസം പ്രിൻസിപ്പലും സൂപ്രണ്ടും ഉൾപ്പെടെയുള്ള സംഘം വീണ്ടും വന്ന് മുറി തുറന്ന് പരിശോധിക്കുകയും തുടർന്ന് മറ്റൊരു പൂട്ടിട്ട് പൂട്ടുകയുമായിരുന്നു. എന്തിനാണ് ഇത് ചെയ്തതെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്റ്റോക്ക് രജിസ്റ്റർ, പരീക്ഷാ പേപ്പറുകൾ, മാർക്ക് ലിസ്റ്റുകൾ, മറ്റ് ഔദ്യോഗിക രഹസ്യ രേഖകൾ എന്നിവയെല്ലാം മുറിയിലുണ്ടെന്നും അന്വേഷണത്തിന്റെ പേരിൽ തന്നെ വ്യക്തിപരമായി ആക്രമിക്കുകയാണെന്നും ഡോ. ഹാരിസ് കുറിപ്പിൽ പറയുന്നു.
അതേസമയം, ഡോ. ഹാരിസിന്റെ മുറി തുറന്ന് പരിശോധിച്ചതായി പ്രിൻസിപ്പൽ സമ്മതിച്ചതായി റിപ്പോർട്ടുകളുണ്ട്. ചില ഉപകരണങ്ങൾ മുറിയിൽ കണ്ടെത്തിയിട്ടുണ്ടെങ്കിലും, അത് കാണാതായെന്ന് പറയുന്ന ഉപകരണമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് പുതിയ പൂട്ടിട്ട് പൂട്ടിയതെന്നാണ് പ്രിൻസിപ്പലിന്റെ വിശദീകരണമെന്നും ഒരു വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തു.
യൂറോളജി വിഭാഗത്തിലെ മോർസിലോസ്കോപ്പ് എന്ന ഉപകരണം കാണാതായെന്ന വിഷയത്തിൽ അന്വേഷണം വേണമെന്ന് ഒരു വിദഗ്ദ്ധ സമിതി ശുപാർശ ചെയ്തിരുന്നു. ഉപകരണം കാണാനില്ലെന്ന് ഡോ. ഹാരിസ് സമ്മതിച്ചതായി സമിതിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും, ഉപകരണം കാണാതായിട്ടില്ലെന്നും മാറ്റിവെക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഡോ. ഹാരിസ് തുടക്കം മുതലേ ആവർത്തിക്കുന്നത്.