IndiaNews

പുടിൻ ഈ വർഷം ഇന്ത്യയിലേക്ക്: ട്രംപിന്റെ ഭീഷണിക്ക് പുല്ലുവില; നിർണായക ചർച്ചകൾക്ക് ഡോവൽ മോസ്കോയിൽ

മോസ്കോ: ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധിക തീരുവ ഏർപ്പെടുത്തി സമ്മർദ്ദം ശക്തമാക്കുന്നതിനിടെ, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഈ വർഷം ഇന്ത്യ സന്ദർശിക്കുമെന്ന് സ്ഥിരീകരണം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് മോസ്കോയിൽ വെച്ച് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രതിരോധ, സുരക്ഷാ സഹകരണം വിപുലീകരിക്കുന്നതിനുള്ള നിർണായക ചർച്ചകൾക്കായാണ് ഡോവൽ മോസ്കോയിൽ എത്തിയത്.

2022-ൽ യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് പുടിൻ ഇന്ത്യയിലേക്ക് എത്തുന്നത്. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നതിൽ പ്രതിഷേധിച്ച് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50% അധിക തീരുവയാണ് ട്രംപ് ഏർപ്പെടുത്തിയത്. റഷ്യയുമായുള്ള വ്യാപാരം അവസാനിപ്പിച്ചില്ലെങ്കിൽ കൂടുതൽ ഉപരോധങ്ങൾ നേരിടേണ്ടി വരുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. ഈ ഭീഷണികളെ വകവെക്കാതെയാണ് ഇന്ത്യ-റഷ്യ ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ സൂചന നൽകി പുടിന്റെ സന്ദർശന വാർത്ത പുറത്തുവരുന്നത്.

കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് തവണ പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മൂന്നാം തവണ അധികാരമേറ്റ ശേഷം തന്റെ ആദ്യ ഉഭയകക്ഷി സന്ദർശനത്തിനായി മോദി തിരഞ്ഞെടുത്തത് മോസ്കോ ആയിരുന്നു. ഈ സന്ദർശനത്തിൽ റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് സെന്റ് ആൻഡ്രൂ ദി അപ്പോസ്തൽ’ നൽകി മോദിയെ ആദരിക്കുകയും ചെയ്തിരുന്നു.

അതേസമയം, വരും ദിവസങ്ങളിൽ പുടിനും ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്നും ക്രെംലിൻ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ഇരു നേതാക്കളും തമ്മിലുള്ള ചർച്ചകൾക്കുള്ള ക്രമീകരണങ്ങൾ അന്തിമഘട്ടത്തിലാണെന്നും വേദി ഉടൻ പ്രഖ്യാപിക്കുമെന്നും റഷ്യൻ വിദേശകാര്യ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ് സ്ഥിരീകരിച്ചു.