
റഷ്യൻ ആണവ കേന്ദ്രങ്ങൾക്ക് മുകളിൽ അമേരിക്കൻ ചാരവിമാനം; ആണവകരാറിൽ നിന്നുള്ള പിന്മാറ്റത്തിന് പിന്നാലെ പ്രകോപനം
വാഷിംഗ്ടൺ: നിർണായകമായ ആണവകരാറിൽ നിന്ന് റഷ്യ പിന്മാറിയതിന് തൊട്ടടുത്ത ദിവസം, റഷ്യൻ ആണവ കേന്ദ്രങ്ങൾക്ക് സമീപം നിരീക്ഷണ വിമാനം പറത്തി അമേരിക്കയുടെ പ്രകോപനപരമായ നീക്കം. അന്തരീക്ഷത്തിലെ ആണവ പരീക്ഷണങ്ങൾ കണ്ടെത്താൻ ശേഷിയുള്ള WC-135 ‘ന്യൂക്ക്-സ്നിഫർ’ വിമാനമാണ് റഷ്യൻ അതിർത്തിക്ക് സമീപം അമേരിക്ക വിന്യസിച്ചത്. ഈ സംഭവം ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം പുതിയ തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.
ഇന്റർമീഡിയറ്റ്-റേഞ്ച് ന്യൂക്ലിയർ ഫോഴ്‌സസ് (INF) ഉടമ്പടിയിൽ നിന്ന് റഷ്യ പിൻവാങ്ങിയതായി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമായിരുന്നു അമേരിക്കയുടെ ഈ നീക്കം. യുകെയിൽ നിന്ന് പറന്നുയർന്ന വിമാനം, റഷ്യയുടെ പ്രധാന ആണവ അന്തർവാഹിനി താവളങ്ങൾ സ്ഥിതി ചെയ്യുന്ന മർമാൻസ്കിന് വടക്ക് ബാരന്റ്സ് കടലിന് മുകളിലൂടെ വട്ടമിട്ടു പറന്നു. ഏകദേശം 14 മണിക്കൂറോളം നിരീക്ഷണം നടത്തിയ ശേഷമാണ് വിമാനം മടങ്ങിയതെന്ന് ‘ന്യൂസ്‌വീക്ക്’ റിപ്പോർട്ട് ചെയ്തു.
അന്തരീക്ഷത്തിലെ റേഡിയോ ആക്ടീവ് കണങ്ങളെ തിരിച്ചറിഞ്ഞ് ആണവ പരീക്ഷണങ്ങൾ നടന്നിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാനാണ് WC-135 വിമാനങ്ങൾ പ്രധാനമായും ഉപയോഗിക്കുന്നത്. റഷ്യയുടെ ഭാഗത്തുനിന്ന് ഒരു രഹസ്യ ആണവ പരീക്ഷണത്തിന് സാധ്യതയുണ്ടോ എന്ന് നിരീക്ഷിക്കുകയായിരുന്നു അമേരിക്കയുടെ ലക്ഷ്യമെന്നാണ് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നത്.
റഷ്യൻ നേതാക്കളുടെ പ്രസ്താവനകളെത്തുടർന്ന് അമേരിക്കൻ ആണവ അന്തർവാഹിനികൾ വിന്യസിക്കാൻ മുൻപ് ഉത്തരവിട്ടിരുന്ന സാഹചര്യത്തിൽ, ഈ പുതിയ നീക്കം യാദൃശ്ചികമല്ലെന്നും ശീതയുദ്ധകാലത്തിന് സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.