
പത്മനാഭസ്വാമി ക്ഷേത്രം ‘ബി’ നിലവറ തുറക്കുമോ? നിർണായക നീക്കവുമായി സർക്കാർ, തീരുമാനം തന്ത്രിമാർക്ക്
തിരുവനന്തപുരം: ലോകശ്രദ്ധ നേടിയ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരമുള്ള ‘ബി’ നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും സജീവം. അടുത്തിടെ ചേർന്ന ക്ഷേത്ര ഭരണസമിതി യോഗത്തിൽ സർക്കാർ പ്രതിനിധി വിഷയം വീണ്ടും ഉന്നയിച്ചതോടെയാണ് നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ശക്തമായത്. എന്നാൽ, വിഷയത്തിൽ അന്തിമ തീരുമാനം തന്ത്രിമാരുമായി കൂടിയാലോചിച്ച ശേഷമേ ഉണ്ടാകൂ എന്ന് ഭരണസമിതി വ്യക്തമാക്കി.
സുപ്രീം കോടതി ഉത്തരവ് പ്രകാരം, നിലവറ തുറക്കുന്നത് സംബന്ധിച്ചുള്ള അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം ക്ഷേത്ര ഭരണസമിതിക്കാണ്. സർക്കാർ പ്രതിനിധി വിഷയം വീണ്ടും ചർച്ചയ്ക്ക് വെച്ചെങ്കിലും, രാജകുടുംബം ഉൾപ്പെടെയുള്ളവരുടെ എതിർപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ തിടുക്കത്തിലുള്ള തീരുമാനത്തിന് സാധ്യതയില്ല.
2011-ൽ സുപ്രീം കോടതിയുടെ നിർദേശപ്രകാരം ‘എ’ നിലവറ തുറന്നപ്പോൾ ലക്ഷക്കണക്കിന് കോടി രൂപ വിലമതിക്കുന്ന നിധിശേഖരമാണ് കണ്ടെത്തിയത്. എന്നാൽ, ‘ബി’ നിലവറ തുറക്കുന്നത് ആചാരലംഘനമാണെന്നും വലിയ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നുമാണ് രാജകുടുംബത്തിന്റെ വിശ്വാസം. ഈ നിലവറയ്ക്ക് ആചാരപരമായ പ്രാധാന്യമുണ്ടെന്നും അവർ വാദിക്കുന്നു.
തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ, സർക്കാർ ഈ വിഷയത്തിൽ വിവാദപരമായ ഒരു തീരുമാനം എടുക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. എങ്കിലും, സർക്കാർ പ്രതിനിധി വിഷയം വീണ്ടും ഭരണസമിതിയിൽ ഉന്നയിച്ചത് നിർണായക നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.