
കൊച്ചി: നടി ശ്വേതാ മേനോനെതിരെ അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ചെന്ന പരാതിയിൽ എറണാകുളം സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തിടുക്കത്തിൽ നിർദേശം നൽകിയ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (സിജെഎം) കോടതിയുടെ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു.
ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകുന്നതിന് മുൻപ് പാലിക്കേണ്ട നടപടിക്രമങ്ങൾ കീഴ്‌ക്കോടതി പാലിച്ചില്ലെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. പോലീസിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാതെയും പ്രാഥമിക അന്വേഷണം നടത്താതെയും കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശിച്ചത് നിയമപരമായി നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു.
സെൻസർ ബോർഡ് അനുമതിയോടെ പ്രദർശിപ്പിച്ച സിനിമകളിലെ രംഗങ്ങളുടെ പേരിൽ വർഷങ്ങൾക്ക് ശേഷം കേസെടുക്കുന്നതിലെ അസ്വാഭാവികത ശ്വേതാ മേനോന്റെ അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദങ്ങൾ പരിഗണിച്ചാണ് ഹൈക്കോടതി എഫ്ഐആർ സ്റ്റേ ചെയ്യുകയും കേസിലെ തുടർനടപടികൾ തടയുകയും ചെയ്തത്. പരാതിക്കാരനായ മാർട്ടിൻ മേനാച്ചേരിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.