
യുഎസിനും റഷ്യയുമായി കച്ചവടം! ഇന്ത്യയെ മാത്രം ലക്ഷ്യമിടുന്നത് എന്തിന്? ട്രംപിൻ്റെ മറുപടി
റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യക്കെതിരെ യുഎസ് താരിഫ് ഭീഷണി ഉയർത്തിയതിന് പിന്നാലെ, റഷ്യയുമായി അമേരിക്ക നടത്തുന്ന യൂറേനിയം, വളം വ്യാപാരത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യൻ ഇറക്കുമതിയെ ന്യായീകരിച്ച് ഇന്ത്യ ഈ വിഷയം ചൂണ്ടിക്കാണിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രതികരണം.
റഷ്യയുമായി വ്യാപാരം തുടരുന്ന രാജ്യങ്ങൾക്കെതിരെ താരിഫ് വർദ്ധിപ്പിക്കുമെന്ന് ട്രംപ് സൂചന നൽകിയെങ്കിലും കൃത്യമായ നിരക്കുകൾ അദ്ദേഹം വെളിപ്പെടുത്തിയില്ല.
“അതിനെക്കുറിച്ച് എനിക്കൊന്നും അറിയില്ല. ഞാൻ അത് പരിശോധിക്കേണ്ടതുണ്ട്,” റംപ് പറഞ്ഞു. റഷ്യയുമായി കച്ചവടം തുടരുമ്പോൾത്തന്നെ ഇന്ത്യയെ മാത്രം ലക്ഷ്യമിടുന്നത് എന്തുകൊണ്ടാണെന്ന ഇന്ത്യയുടെ ചോദ്യത്തിനാണ് ട്രംപിന്റെ ഈ മറുപടി.2028-ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിനെക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത വൈറ്റ് ഹൗസിലെ പത്രസമ്മേളനത്തിലാണ് ട്രംപിന്റെ ഈ പ്രതികരണം.
യുക്രെയ്നിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അധിനിവേശം ആരംഭിച്ചതിന് മൂന്ന് വർഷങ്ങൾക്ക് ശേഷവും, യുഎസ് റഷ്യയിൽ നിന്ന് ശതകോടിക്കണക്കിന് ഡോളറിന്റെ ഊർജ്ജവും ചരക്കുകളും ഇറക്കുമതി ചെയ്യുന്നുണ്ട്. സമ്പുഷ്ട യൂറേനിയം ഇതിൽ ഉൾപ്പെടുന്നു. 2022 ജനുവരി മുതൽ യുഎസ് 24.51 ബില്യൺ ഡോളറിന്റെ റഷ്യൻ സാധനങ്ങൾ ഇറക്കുമതി ചെയ്തിട്ടുണ്ട്. 2024-ൽ മാത്രം, വാഷിംഗ്ടൺ റഷ്യയിൽ നിന്ന് 1.27 ബില്യൺ ഡോളറിന്റെ വളവും 624 ദശലക്ഷം ഡോളറിന്റെ യൂറേനിയവും പ്ലൂട്ടോണിയവും 878 ദശലക്ഷം ഡോളറിന്റെ പല്ലേഡിയവും ഇറക്കുമതി ചെയ്തിട്ടുണ്ട്.
റഷ്യൻ ഊർജ്ജം വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ 100 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്ന തന്റെ ഭീഷണിയെക്കുറിച്ച് ചോദിച്ചപ്പോൾ, ട്രംപ് ഇങ്ങനെ പറഞ്ഞു: “ഞാൻ ഒരു ശതമാനവും പറഞ്ഞിട്ടില്ല, പക്ഷേ ഞങ്ങൾ അതിൽ കുറച്ചൊക്കെ ചെയ്യും. അടുത്ത കുറഞ്ഞ കാലയളവിൽ എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കാണാം. നാളെ റഷ്യയുമായി ഞങ്ങൾക്ക് ഒരു കൂടിക്കാഴ്ചയുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം…”
റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് വർദ്ധിപ്പിച്ചതിനെ തുടർന്ന് ട്രംപിൽ നിന്ന് വീണ്ടും ഭീഷണി നേരിട്ടതിന് പിന്നാലെ, പാശ്ചാത്യ രാജ്യങ്ങളുടെ ഇരട്ടത്താപ്പിനെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു.