
കൊച്ചി: ദശാബ്ദങ്ങൾക്കിപ്പുറം ‘രതിനിർവേദം’ എന്ന സിനിമയ്‌ക്കെതിരെ ഉയർന്നുവന്ന പരാതിക്ക് പിന്നിൽ ദുരൂഹതയും ഗൂഢാലോചനയുമുണ്ടെന്ന് നിർമ്മാതാവ് എം.എ. നിഷാദ്. അമ്മ സംഘടനയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശ്വേതാ മേനോന്റെ വിജയത്തെ ഭയക്കുന്നവരാണ് ഈ നീക്കത്തിന് പിന്നിലെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ട്വന്റി ഫോർ ന്യൂസ് ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സെൻസർ ചെയ്ത ഒരു സിനിമയിലെ രംഗങ്ങൾ പോൺ സൈറ്റിൽ നിന്ന് എടുത്തു എന്ന് ആരോപിച്ച് നൽകിയ പരാതിയുടെ ഉദ്ദേശശുദ്ധിയെ നിഷാദ് ചോദ്യം ചെയ്തു. പരാതിക്കാരന്റെ മാനസികനില പോലും സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത്രയും വർഷങ്ങൾക്ക് ശേഷം ഇങ്ങനെയൊരു പരാതിയുമായി വരുന്നതിന് പിന്നിൽ വ്യക്തമായ ദുരുദ്ദേശ്യങ്ങളുണ്ട്. ഇതിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അമ്മ സംഘടനയുടെ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ, ശ്വേതാ മേനോന്റെ വിജയ സാധ്യതകളെ തകർക്കാനുള്ള ശ്രമമാണോ ഇതെന്ന് സംശയിക്കുന്നതായും നിഷാദ് കൂട്ടിച്ചേർത്തു. ‘ഇമ്മോറൽ ട്രാഫിക്കിംഗ്’ പോലുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തതിലെ അസ്വാഭാവികതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ നിയമപരമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.