
ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ആവേശമുണർത്തിക്കൊണ്ട് 2025-ലെ ഏഷ്യാ കപ്പിനായുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം ഉടൻ ഉണ്ടാകും. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം ഒരു മാസത്തെ ഇടവേളക്ക് ശേഷമാണ് ടീം വീണ്ടും കളത്തിലിറങ്ങുന്നത്. ടി20 ഫോർമാറ്റിൽ നടക്കുന്ന ഈ ടൂർണമെന്റിൽ സൂര്യകുമാർ യാദവ് ഇന്ത്യയെ നയിക്കുമെന്നാണ് സൂചന. അക്സർ പട്ടേൽ വൈസ് ക്യാപ്റ്റനായേക്കും.
ഏഷ്യാ കപ്പിൽ മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടംനേടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷത്തെ ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജു 9 മത്സരങ്ങളിൽ നിന്ന് 35 ശരാശരിയിൽ 285 റൺസ് നേടിയിരുന്നു. അതേസമയം, മികച്ച ഫോമിലായിരുന്നിട്ടും കെ എൽ രാഹുലിന് ടീമിൽ ഇടം ലഭിക്കാൻ സാധ്യതയില്ല. സഞ്ജുവിനെ കൂടുതൽ മികച്ച ഓപ്ഷനായി മാനേജ്മെന്റ് പരിഗണിക്കുമെന്നാണ് വിലയിരുത്തൽ.
സഞ്ജുവിനൊപ്പം, യുവതാരം അഭിഷേക് ശർമ്മയാകും ഓപ്പണറായി എത്തുക. ഐപിഎല്ലിൽ 14 മത്സരങ്ങളിൽ നിന്ന് 193-ൽ അധികം സ്ട്രൈക്ക് റേറ്റിൽ റൺസ് നേടിയ അഭിഷേക് മികച്ച ഫോമിലാണ്. ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, തിലക് വർമ്മ എന്നിവരും ടീമിൽ ഇടം നേടിയേക്കും. ഐപിഎല്ലിൽ 15 മത്സരങ്ങളിൽ നിന്ന് 650 റൺസ് നേടിയ ശുഭ്മാൻ ഗിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അതേസമയം, 17 മത്സരങ്ങളിൽ നിന്ന് 604 റൺസ് നേടിയ ശ്രേയസ് അയ്യർ പഞ്ചാബ് കിങ്സിനെ ഫൈനലിലേക്ക് നയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. തിലക് വർമ്മ ഈ വർഷം 343 റൺസ് നേടി ടീമിൽ സ്ഥാനം ഉറപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ ടീമിലുണ്ടായിരിക്കുമെങ്കിലും, പ്രധാന വിക്കറ്റ് കീപ്പറായി ജിതേഷ് ശർമ്മയെ പരിഗണിച്ചേക്കും. ഐപിഎല്ലിൽ 261 റൺസ് നേടി ജിതേഷ് മികച്ച തിരിച്ചുവരവ് നടത്തിയിരുന്നു. ഓൾറൗണ്ടർമാരായി ഹാർദിക് പാണ്ഡ്യക്കൊപ്പം റിയാൻ പരാഗോ വാഷിംഗ്ടൺ സുന്ദറോ ടീമിലെത്തിയേക്കാം.
ബൗളിംഗ് നിരയിൽ കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ് സിങ് എന്നിവർ ഇടംപിടിച്ചേക്കും. രവി ബിഷ്ണോയി, റിങ്കു സിങ് എന്നിവർക്ക് അവസരം ലഭിക്കാൻ സാധ്യതയില്ല.
16 അംഗ സാധ്യത ടീം: യശസ്വി ജയ്സ്വാൾ, അഭിഷേക് ശർമ്മ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, അക്സർ പട്ടേൽ, ശ്രേയസ് അയ്യർ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ജിതേഷ് ശർമ്മ, വാഷിംഗ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്.