
പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്ക്; ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കും
ന്യൂഡൽഹി: ഗാൽവാൻ സംഘർഷത്തെത്തുടർന്ന് വഷളായ ഇന്ത്യ-ചൈന ബന്ധത്തിൽ നിർണ്ണായക നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ മാസം 31-ന് പ്രധാനമന്ത്രി ചൈന സന്ദർശിക്കും. ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ (SCO) പങ്കെടുക്കുന്നതിനായാണ് സന്ദർശനം. ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തിന് ശേഷം ഇതാദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി ചൈനയിലെത്തുന്നത് എന്നത് ശ്രദ്ധേയമാണ്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. നേരത്തെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ ചൈന സന്ദർശിച്ച് ചർച്ചകൾ നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.
അമേരിക്ക, ഇന്ത്യയും ചൈനയും റഷ്യയുമായി നടത്തുന്ന വ്യാപാരത്തിൽ അതൃപ്തി പ്രകടിപ്പിക്കുകയും നിലപാട് കടുപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ബ്രിക്സ് രാജ്യങ്ങൾക്കിടയിലെ (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) സഹകരണം ശക്തിപ്പെടുന്നത്. ഈ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ ചൈനാ സന്ദർശനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.