
മെഡിസെപ്: പുതിയ ടെൻഡറിന് മുമ്പ് പെൻഷൻകാരുടെ പരാതി കേൾക്കണം; സർക്കാരിന് ട്രൈബ്യൂണൽ നിർദേശം
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി നടപ്പാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ പുതിയ ടെൻഡർ ക്ഷണിക്കുന്നതിന് മുൻപ് പെൻഷൻകാരുടെ ആവശ്യങ്ങൾ കേട്ട് പരിഗണിക്കണമെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (കെ.എ.ടി) സർക്കാരിന് നിർദേശം നൽകി.
പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ഉന്നയിച്ച വിഷയങ്ങളിൽ ഹിയറിങ് നടത്തണമെന്നും ട്രൈബ്യൂണൽ ഉത്തരവിൽ വ്യക്തമാക്കി.
അസോസിയേഷൻ പ്രസിഡന്റ് എം.പി. വേലായുധൻ, വൈസ് പ്രസിഡന്റ് കെ.വി. മുരളി എന്നിവർ നൽകിയ ഹർജി പരിഗണിച്ചാണ് ട്രൈബ്യൂണലിന്റെ സുപ്രധാന വിധി. നിലവിലെ പദ്ധതിയിൽ കാര്യമായ മാറ്റങ്ങൾ വേണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു.
പെൻഷൻകാരുടെ പ്രധാന ആവശ്യങ്ങൾ:
- നിർബന്ധിത അംഗത്വം ഒഴിവാക്കുക: മെഡിസെപ്പിൽ എല്ലാ പെൻഷൻകാരെയും നിർബന്ധിതമായി ചേർക്കുന്ന നടപടി ഒഴിവാക്കി, താല്പര്യമുള്ളവർക്ക് ചേരാൻ അവസരം നൽകണം.
- ഇരട്ട പ്രീമിയം ഒഴിവാക്കുക: ഭാര്യയും ഭർത്താവും പെൻഷൻകാരാണെങ്കിൽ, രണ്ട് പേരിൽ നിന്നും പ്രീമിയം ഈടാക്കുന്ന രീതി നിർത്തലാക്കി ഒരാളിൽ നിന്ന് മാത്രം ഈടാക്കണം.
- കവറേജ് തുക ഉയർത്തുക: അംഗങ്ങളുടെ പ്രീമിയം വർധിപ്പിക്കാതെ, സർക്കാർ വിഹിതം കൂടി ഉൾപ്പെടുത്തി ഇൻഷുറൻസ് പരിരക്ഷാ തുക വർധിപ്പിക്കണം.
- ആയുഷ് ചികിത്സ ഉൾപ്പെടുത്തുക: അലോപ്പതിക്ക് പുറമെ ആയുർവേദം, ഹോമിയോപ്പതി തുടങ്ങിയ ആയുഷ് ചികിത്സാ വിഭാഗങ്ങളെ കൂടി പദ്ധതിയുടെ ഭാഗമാക്കണം.
- സമഗ്രമായ പരിരക്ഷ: എംപാനൽ ചെയ്ത ആശുപത്രികളിലെ എല്ലാ ചികിത്സാ വിഭാഗങ്ങൾക്കും മെഡിസെപ് പരിരക്ഷ ഉറപ്പാക്കണം.
ഈ ആവശ്യങ്ങൾ പരിഗണിച്ച് പെൻഷൻകാരുടെ പ്രതിനിധികളുമായി ചർച്ച നടത്തിയ ശേഷമേ പുതിയ ടെൻഡർ നടപടികളുമായി മുന്നോട്ട് പോകാവൂ എന്നാണ് ട്രൈബ്യൂണൽ സർക്കാരിനോട് നിർദേശിച്ചിരിക്കുന്നത്.