Kerala Government NewsNews

മെഡിസെപ്പ്: താൽപര്യമുള്ളവർക്ക് മാത്രം മതി; ‘ദുരനുഭവം മാത്രം’! – സെക്രട്ടേറിയറ്റ് അസോസിയേഷൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് നിർബന്ധിതമല്ലാതാക്കി, താൽപര്യമുള്ളവർക്ക് മാത്രം ചേരാൻ അവസരം നൽകിക്കൊണ്ട് പുനരാവിഷ്കരിക്കണമെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ആവശ്യപ്പെട്ടു.

കഴിഞ്ഞ മൂന്ന് വർഷമായി പദ്ധതി ജീവനക്കാർക്ക് ദുരനുഭവങ്ങൾ മാത്രമാണ് നൽകിയതെന്നും, കൃത്യമായി വരിസംഖ്യ പിരിക്കുന്നത് മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നും അസോസിയേഷൻ ആരോപിച്ചു.
പദ്ധതിയിൽ ഉൾപ്പെട്ട ജീവനക്കാർക്ക് കാഷ്‌ലെസ് ചികിത്സ ലഭിക്കുന്നില്ലെന്നും, പ്രധാനപ്പെട്ട ആശുപത്രികളിലോ ഗുണമേന്മയുള്ള ചികിത്സയോ ലഭിക്കുന്നില്ലെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി. ‘കയ്യിലിരിക്കുന്ന കാശ് കൊടുത്ത് കടിക്കുന്ന ജീവിയെ വാങ്ങിച്ച അവസ്ഥയിലാണിന്ന് ജീവനക്കാർ’ എന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

ആശുപത്രികളിൽ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളും അപമാനവും വിവരണാതീതമാണെന്നും അവർ കൂട്ടിച്ചേർത്തു.ഇതിനെല്ലാമിടയിൽ, പ്രീമിയം തുക വീണ്ടും വർദ്ധിപ്പിക്കാനുള്ള സർക്കാർ നീക്കത്തിലും അസോസിയേഷൻ പ്രതിഷേധം അറിയിച്ചു. പദ്ധതി ജീവനക്കാർക്ക് അനുഗുണമായ രീതിയിലല്ലെന്നും, ഇനി പദ്ധതി പ്രയോജനപ്രദമാകുമെന്ന യാതൊരു പ്രതീക്ഷയുമില്ലെന്നും അസോസിയേഷൻ വ്യക്തമാക്കി.

സർക്കാർ വിഹിതം ഉറപ്പാക്കി, ആശുപത്രികളിൽ പണം നൽകേണ്ടി വരാത്ത വിധത്തിൽ കൃത്യമായ വൈദ്യപരിരക്ഷ ഉറപ്പുവരുത്തുന്ന ഒരു പദ്ധതിയാണ് ജീവനക്കാർക്ക് ആവശ്യമെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് എം.എസ്. ഇർഷാദും ജനറൽ സെക്രട്ടറി കെ.പി. പുരുഷോത്തമനും ആവശ്യപ്പെട്ടു.

മലയാളം മീഡിയ ലൈവ് വാർത്തകള്‍ തല്‍സമയം ലഭിക്കാൻ ഔദ്യോഗിക വാട്ട്സാപ്പ് ചാനലില്‍ അംഗമാകൂ.. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.. https://whatsapp.com/channel/0029Vb6TpEe0LKZD61weOU1Q