
നഗരസഭകളിലും കോർപ്പറേഷനുകളിലും തസ്തിക വെട്ടിക്കുറച്ചു; 283 ഓഫീസ് അറ്റൻഡന്റ് തസ്തികകൾ ഇല്ലാതാകും
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമായി നിലവിലുണ്ടായിരുന്ന 283 ഓഫീസ് അറ്റൻഡന്റ് തസ്തികകൾ നിർത്തലാക്കി സർക്കാർ ഉത്തരവിറക്കി.
തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഭരണപരിഷ്കാര നടപടികളുടെ ഭാഗമായാണ് ഈ സുപ്രധാന തീരുമാനം. ഇതുസംബന്ധിച്ച സ.ഉ.(കൈ) നം.129/2025/LSGD നമ്പർ ഉത്തരവ് ആഗസ്റ്റ് 3-ന് പുറത്തിറങ്ങി.
2022-ൽ ആരംഭിച്ച ഭരണപരിഷ്കരണ നടപടികളുടെ തുടർച്ചയായാണ് പുതിയ ഉത്തരവ്. അന്ന് ആരോഗ്യ, അക്കൗണ്ട്സ് വിഭാഗങ്ങളിലായി 354 പുതിയ തസ്തികകൾ സൃഷ്ടിക്കുകയും അപ്രധാനമായ 578 തസ്തികകൾ നിർത്തലാക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഈ തീരുമാനത്തിന്റെ ഭാഗമായി, ജീവനക്കാർ വിരമിക്കുകയോ മറ്റ് ഒഴിവുകൾ നിലവിൽ വരികയോ ചെയ്യുന്ന മുറയ്ക്ക് തസ്തികകൾ ഇല്ലാതാകുന്ന രീതിയിലാണ് ക്രമീകരണം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ 283 ഓഫീസ് അറ്റൻഡന്റ് തസ്തികകൾ ഓരോ തദ്ദേശ സ്ഥാപനത്തിന്റെയും അനുവദിക്കപ്പെട്ട തസ്തികകളുടെ പട്ടികയിൽ (Sanctioned Strength) നിന്ന് നീക്കം ചെയ്യുന്നത്.
പുതിയ ഉത്തരവ് പ്രകാരം തിരുവനന്തപുരം കോർപ്പറേഷനിൽ നിന്ന് 34, കൊച്ചിയിൽ നിന്ന് 29, കോഴിക്കോട്ട് നിന്ന് 25 എന്നിങ്ങനെ പ്രധാന നഗരസഭകളിൽ കാര്യമായ കുറവ് വരും. തൃശ്ശൂർ, കൊല്ലം, കണ്ണൂർ കോർപ്പറേഷനുകളിലും നിരവധി നഗരസഭകളിലും തസ്തികകൾ കുറച്ചിട്ടുണ്ട്. പാലാ നഗരസഭയിൽ 6 തസ്തികകളും തിരൂർ, മഞ്ചേരി എന്നിവിടങ്ങളിൽ 5 തസ്തികകൾ വീതവും കുറയും.

ചില നഗരസഭകളിലെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാൻ വർക്കല, കൊണ്ടോട്ടി, കരുനാഗപ്പള്ളി, ഏലൂർ, നിലമ്പൂർ തുടങ്ങിയ എട്ട് നഗരസഭകളെ ഈ നടപടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ 84 തദ്ദേശ സ്ഥാപനങ്ങളിലായി ആകെ 835 തസ്തികകൾ ഉണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോൾ 283 എണ്ണം കുറവ് വരുത്തുന്നത്. ഭരണച്ചെലവ് കുറച്ച് തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.