
Kerala Government NewsNews
പ്ലാസ്റ്റിക് പതാകകൾ പാടില്ല: സ്വാതന്ത്ര്യ ദിനാഘോഷം 2025: മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തെ 78-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കുള്ള ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കി. പൊതുഭരണ (പ്രോട്ടോക്കോൾ) വകുപ്പ് പുറത്തിറക്കിയ സർക്കുലർ പ്രകാരം എല്ലാ സർക്കാർ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാർ ആഘോഷങ്ങളിൽ നിർബന്ധമായും പങ്കെടുക്കണം. പ്ലാസ്റ്റിക് നിർമ്മിത ദേശീയ പതാകകൾക്ക് സംസ്ഥാനത്ത് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
പ്രധാന നിർദ്ദേശങ്ങൾ:
- സംസ്ഥാനതലം: തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ രാവിലെ 9 മണിക്ക് മുഖ്യമന്ത്രി പതാക ഉയർത്തും. തുടർന്ന് വിവിധ സേനാവിഭാഗങ്ങളുടെ പരേഡ്, മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം, മെഡൽ വിതരണം എന്നിവ നടക്കും.
- ജില്ലാതലം: ജില്ലാ ആസ്ഥാനങ്ങളിൽ സംസ്ഥാന മന്ത്രിസഭാംഗങ്ങൾ രാവിലെ 9 മണിക്കോ അതിന് ശേഷമോ പതാക ഉയർത്തും.
- മറ്റ് സ്ഥാപനങ്ങൾ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, വിദ്യാലയങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സ്ഥാപന മേധാവികൾ രാവിലെ 9 മണിക്ക് ശേഷം പതാക ഉയർത്തണം.
- പൊതു നിർദ്ദേശങ്ങൾ: ദേശീയ പതാക ഉയർത്തുമ്പോൾ 2002-ലെ പതാക നിയമം കർശനമായി പാലിക്കണം. ദേശീയ ഗാനം ആലപിക്കുമ്പോൾ എല്ലാവരും എഴുന്നേറ്റ് നിൽക്കണം. ആഘോഷങ്ങളിലുടനീളം ഹരിത പ്രോട്ടോക്കോൾ പാലിക്കണമെന്നും പ്ലാസ്റ്റിക് പതാകകളുടെ നിർമ്മാണം, വിതരണം, വിൽപ്പന, ഉപയോഗം എന്നിവ പൂർണ്ണമായും നിരോധിച്ചതായും സർക്കുലറിൽ വ്യക്തമാക്കുന്നു.
എല്ലാ വകുപ്പ് മേധാവികളും ജില്ലാ കളക്ടർമാരും നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സർക്കാർ അറിയിച്ചു.