
ഐഫോൺ ഉപയോക്താക്കൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം; ഐഫോൺ, ഐപാഡ്, മാക് എന്നിവ അപകടത്തിൽ
ന്യൂഡൽഹി: ഐഫോൺ, ഐപാഡ്, മാക് ഉൾപ്പെടെയുള്ള ആപ്പിൾ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവർക്ക് അതീവ ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ. ഒന്നിലധികം ഗുരുതര സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്നാണ് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-IN) മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
പഴയ സോഫ്റ്റ്‌വെയർ പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളാണ് പ്രധാനമായും അപകടസാധ്യത നേരിടുന്നത്. iOS 18.6, iPadOS 17.9.9, macOS Sequoia 15.6, macOS Sonoma 14.7.7, watchOS 11.6 എന്നിവയ്ക്ക് മുൻപുള്ള പതിപ്പുകൾ ഉപയോഗിക്കുന്നവർ ഉടൻ തന്നെ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യണമെന്ന് CERT-IN നിർദ്ദേശിക്കുന്നു.
അപകടസാധ്യതകൾ ഇവയാണ്:
കണ്ടെത്തിയ സുരക്ഷാ വീഴ്ചകൾ മുതലെടുത്ത് ഹാക്കർമാർക്ക് ഉപയോക്താക്കളുടെ ഉപകരണങ്ങൾ എളുപ്പത്തിൽ ലക്ഷ്യം വെക്കാൻ സാധിക്കും. പ്രത്യേകം തയ്യാറാക്കിയ ഫയലുകളോ അഭ്യർത്ഥനകളോ അയച്ച് ഉപകരണത്തിന്റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കാനും, വ്യക്തിഗത വിവരങ്ങൾ ചോർത്താനും, സുരക്ഷാ സംവിധാനങ്ങൾ മറികടക്കാനും സാധ്യതയുണ്ട്. ഇത് ഗുരുതരമായ ഡാറ്റാ മോഷണത്തിനും മറ്റ് സാമ്പത്തിക തട്ടിപ്പുകൾക്കും വഴിവെച്ചേക്കാം.
ഈ അപകടസാധ്യതകൾ ഒഴിവാക്കാൻ എല്ലാ ആപ്പിൾ ഉപയോക്താക്കളും തങ്ങളുടെ ഉപകരണങ്ങളിലെ സോഫ്റ്റ്‌വെയർ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് CERT-IN കർശനമായി നിർദ്ദേശിക്കുന്നു. സാധാരണയായി, സുരക്ഷാ പരിഹാരങ്ങൾ പുറത്തിറക്കിയ ശേഷമാണ് ആപ്പിൾ ഇത്തരം വീഴ്ചകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടാറുള്ളത്.