
പാലിയേക്കരയിൽ ടോൾ പിരിവ് നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്; റോഡ് നന്നാക്കാതെ പണം പിരിക്കേണ്ട
കൊച്ചി: തൃശ്ശൂരിലെ പാലിയേക്കര ടോൾ പ്ലാസയിൽ നാലാഴ്ചത്തേക്ക് ടോൾ പിരിവ് അടിയന്തരമായി നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയുടെ ശോച്യാവസ്ഥ പരിഹരിക്കാതെ ടോൾ പിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷം മാത്രം ടോൾ പിരിവ് പുനരാരംഭിച്ചാൽ മതിയെന്നും കോടതി നിർദേശിച്ചു.
ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് നിർണായക ഉത്തരവ്. റോഡിന്റെ തകർച്ച പരിഹരിക്കാൻ ദേശീയപാത അതോറിറ്റിക്കും കരാർ കമ്പനിക്കും പലതവണ അവസരം നൽകിയിട്ടും ഫലപ്രദമായ നടപടികൾ സ്വീകരിക്കാത്തതിനെ തുടർന്നാണ് കോടതിയുടെ കർശന ഇടപെടൽ.
വർഷങ്ങളായി തുടരുന്ന സമരങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ഒടുവിലാണ് ജനങ്ങൾക്ക് ആശ്വാസകരമായ ഈ വിധി വന്നിരിക്കുന്നത്. ഡി.സി.സി ജനറൽ സെക്രട്ടറി ഷാജി കോടങ്കടത്ത് നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. വലിയ ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്ന റോഡിന്റെ അവസ്ഥയിൽ പ്രതിഷേധിച്ചായിരുന്നു ഹർജി.
റോഡ് നിർമ്മാണത്തിന് ആവശ്യമായതിലും കൂടുതൽ തുക ഇതിനോടകം പിരിച്ചെടുത്തെന്നും, എന്നിട്ടും റോഡ് അറ്റകുറ്റപ്പണി നടത്താതെ കൊള്ളപ്പിരിവ് തുടരുകയാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. കോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ചാലുടൻ ടോൾ പിരിവ് നിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മലയാളം മീഡിയ ലൈവ് വാർത്തകള്‍ തല്‍സമയം ലഭിക്കാൻ ഔദ്യോഗിക വാട്ട്സാപ്പ് ചാനലില്‍ അംഗമാകൂ.. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.. https://whatsapp.com/channel/0029Vb6TpEe0LKZD61weOU1Q