
ക്ഷാമബത്ത 3 ശതമാനം; ഫയൽ ധനമന്ത്രിയുടെ ഓഫിസിൽ എത്തിയിട്ട് പതിമൂന്ന് ദിവസം
ക്ഷാമബത്ത അനുവദിക്കുന്ന ഫയൽ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ഓഫിസിൽ എത്തിയിട്ട് ഇന്ന് പതിമൂന്നാം ദിവസം. ജൂലൈ 25 നാണ് സർക്കാർ ജീവനക്കാർക്ക് 3 ശതമാനം ക്ഷാമബത്ത അനുവദിക്കുന്ന ഫയൽ ധന അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ധനമന്ത്രിക്ക് കൈമാറിയത്.
ക്ഷാമബത്ത അനുവദിക്കുന്നത് പരമാവധി നീട്ടി കൊണ്ടു പോകുക എന്ന തന്ത്രമാണ് ധനമന്ത്രി സ്വീകരിച്ചിരിക്കുന്നത്. സ്വന്തം ഓഫിസിൽ ഫയൽ എത്തിയിട്ടും തീരുമാനം എടുക്കാത്ത ധനമന്ത്രിയുടെ നിലപാടിൽ ജീവനക്കാർ കടുത്ത പ്രതിഷേധത്തിലാണ്.
കുടിശിക പെരുകുന്നു
നിലവിൽ ആറ് ഗഡുക്കളായി 18 ശതമാനം ക്ഷാമബത്തയാണ് ജീവനക്കാർക്ക് കുടിശികയായി ലഭിക്കാനുള്ളത്. കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള അടുത്ത ഗഡു പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന. ഇത് പ്രഖ്യാപിക്കുന്നതോടെ സംസ്ഥാനത്തെ കുടിശിക ഏഴ് ഗഡുക്കളായി ഉയരും. ഇത് ജീവനക്കാരുടെ സാമ്പത്തിക ഭദ്രതയെ കാര്യമായി ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്.
ലഭിക്കാനുള്ള കുടിശിക (18%):
- 01.07.2022 മുതൽ – 3%
- 01.01.2023 മുതൽ – 4%
- 01.07.2023 മുതൽ – 3%
- 01.01.2024 മുതൽ – 3%
- 01.07.2024 മുതൽ – 3%
- 01.01.2025 മുതൽ – 2%
ഓണത്തിന് മുൻപെങ്കിലും ക്ഷാമബത്ത കുടിശികയുടെ കാര്യത്തിൽ അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങാനാണ് ജീവനക്കാരുടെ സംഘടനകളുടെ ആലോചന.