
പാലക്കാടിന് 3805 കോടിയുടെ വ്യവസായ ഇടനാഴി; കൊച്ചി ഗ്ലോബൽ സിറ്റിക്ക് കേന്ദ്രാനുമതിയായില്ല
ന്യൂഡൽഹി: കേരളത്തിന്റെ വ്യാവസായിക കുതിപ്പിന് കരുത്തേകുന്ന സുപ്രധാന പദ്ധതിക്ക് കേന്ദ്രസർക്കാർ അംഗീകാരം. ദേശീയ വ്യവസായ ഇടനാഴി വികസന പദ്ധതിയുടെ (NICDP) ഭാഗമായി പാലക്കാട് 3805 കോടി രൂപ ചെലവിൽ സംയോജിത നിർമ്മാണ ക്ലസ്റ്റർ (Integrated Manufacturing Cluster) സ്ഥാപിക്കാൻ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം അനുമതി നൽകി. എന്നാൽ, ഇതോടൊപ്പം സംസ്ഥാനം മുന്നോട്ടുവെച്ച കൊച്ചി ഗ്ലോബൽ സിറ്റി പദ്ധതിക്ക് കേന്ദ്രം അംഗീകാരം നൽകിയിട്ടില്ല.
ലോക്സഭയിൽ കെ. ഫ്രാൻസിസ് ജോർജ് എം.പിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര വാണിജ്യ-വ്യവസായ സഹമന്ത്രി ജിതിൻ പ്രസാദയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ പുതിയ വ്യാവസായിക നഗരങ്ങൾ “സ്മാർട്ട് സിറ്റികളായി” വികസിപ്പിക്കുന്ന ദേശീയ വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായാണ് പാലക്കാട്ടെ പദ്ധതിക്ക് അംഗീകാരം നൽകിയിരിക്കുന്നത്.
ചെന്നൈ-ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി വരുന്ന ഈ പദ്ധതിക്കായി 1710 ഏക്കർ സ്ഥലമാണ് പാലക്കാട് ഏറ്റെടുക്കുക. പദ്ധതിയുടെ നടത്തിപ്പിനായി “കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്” എന്ന പേരിൽ ഒരു സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (SPV) രൂപീകരിച്ചതായും കേന്ദ്രമന്ത്രിയുടെ മറുപടിയിൽ പറയുന്നു.
പാലക്കാട്ടെ സംയോജിത നിർമ്മാണ ക്ലസ്റ്ററിനും കൊച്ചിയിലെ ഗ്ലോബൽ സിറ്റിക്കും അനുമതി ലഭിച്ചിട്ടുണ്ടോ എന്ന ഫ്രാൻസിസ് ജോർജിന്റെ ചോദ്യത്തിന്, പാലക്കാട്ടെ പദ്ധതിക്ക് 2024 ഓഗസ്റ്റിൽ സർക്കാർ അംഗീകാരം നൽകിയതായി മാത്രമാണ് കേന്ദ്രം മറുപടി നൽകിയത്. കൊച്ചിയിലെ പദ്ധതിയെക്കുറിച്ച് മറുപടിയിൽ പരാമർശമില്ല. ഇത് കൊച്ചി ഗ്ലോബൽ സിറ്റി പദ്ധതിക്ക് നിലവിൽ കേന്ദ്രാനുമതി ലഭിച്ചിട്ടില്ലെന്ന സൂചനയാണ് നൽകുന്നത്.