KeralaNews

പാലക്കാട് പനയൂരിൽ വൻ മലവെള്ളപ്പാച്ചിൽ; വൻ സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ, വീടുകളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു

പാലക്കാട്: വാണിയംകുളം പനയൂരിൽ വൻ മലവെള്ളപ്പാച്ചിൽ. ഇന്നലെ രാത്രിയുണ്ടായ ശക്തമായ മഴയെ തുടർന്നാണ് പനയൂർ വെസ്റ്റ് 17-ാം വാർഡിൽ മലവെള്ളം ഇരച്ചെത്തിയത്. ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലാണോ ഇതെന്ന് സംശയമുണ്ട്. വീടുകളുടെ മുറ്റത്തേക്ക് മണ്ണും കൂറ്റൻ കല്ലുകളും ഒഴുകിയെത്തിയതോടെ പ്രദേശവാസികൾ ഭീതിയിലായി. ആളുകൾ വീടുകളിൽ നിന്ന് ഇറങ്ങിയോടി.

മലവെള്ളം വരുന്നതിന് തൊട്ടുമുൻപ് വലിയൊരു സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു. ജീവിതത്തിൽ ഇതുവരെ ഇത്രയും വലിയ വെള്ളപ്പൊക്കം കണ്ടിട്ടില്ലെന്നും അവർ പറഞ്ഞു. മലവെള്ളപ്പാച്ചിലിൽ മൂന്ന് വീടുകളുടെ മതിലുകൾ പൂർണമായും തകർന്നു. ഏഴ് വീടുകളാണ് ഈ പ്രദേശത്തുള്ളത്. ഇവിടെയുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

വിവരം അറിഞ്ഞയുടൻ വാർഡ് മെമ്പർ ഇ.പി. രഞ്ജിത്ത് റവന്യൂ അധികൃതരെ ബന്ധപ്പെട്ടു. നിലവിൽ സ്ഥിതി ശാന്തമാണെങ്കിലും, ശക്തമായ മഴ വീണ്ടും പെയ്താൽ സമാനമായ സാഹചര്യം ആവർത്തിക്കുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ.