News

കയർ, കോഴി, ചെറുകിട വ്യവസായ മേഖലകൾക്ക് കേന്ദ്ര സഹായം ‘പൂജ്യം’; കഴിഞ്ഞ 5 വർഷമായി പദ്ധതികളൊന്നും സമർപ്പിച്ചില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: കേരളത്തിന് ഏറെ നിർണായകമായ കയർ, കോഴി വളർത്തൽ, ചെറുകിട വ്യവസായം എന്നീ മേഖലകളിലെ സഹകരണ സംഘങ്ങൾക്ക് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ദേശീയ സഹകരണ വികസന കോർപ്പറേഷനിൽ (NCDC) നിന്ന് ഒരു രൂപ പോലും സാമ്പത്തിക സഹായം ലഭിച്ചില്ലെന്ന് സമ്മതിച്ച് കേന്ദ്ര സർക്കാർ. ഈ മേഖലകളിൽ നിന്ന് സാമ്പത്തിക സഹായത്തിനായുള്ള പദ്ധതികളൊന്നും ലഭിക്കാത്തതാണ് പണം അനുവദിക്കാതിരിക്കാൻ കാരണമെന്നും കേന്ദ്ര സഹകരണ വകുപ്പ് മന്ത്രി അമിത് ഷാ ലോക്സഭയെ അറിയിച്ചു.

ആന്റോ ആന്റണി എം.പി ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഈ സുപ്രധാന വെളിപ്പെടുത്തൽ. വനിതാ സഹകരണ സംഘങ്ങൾ, കയർ, ചണം, ചെറുകിട വ്യവസായം, കോഴി വളർത്തൽ എന്നീ മേഖലകളുടെ വികസനത്തിനായി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എൻസിഡിസി അനുവദിച്ച ഫണ്ടിന്റെ വിശദാംശങ്ങളാണ് എം.പി ആവശ്യപ്പെട്ടത്.

എന്നാൽ, കോഴി, കയർ, ചെറുകിട വ്യവസായം എന്നീ മേഖലകളിൽ നിന്ന് കഴിഞ്ഞ അഞ്ച് വർഷമായി എൻസിഡിസിക്ക് പ്രോജക്ട് അപേക്ഷകളൊന്നും ലഭിച്ചിട്ടില്ലെന്ന് മന്ത്രിയുടെ മറുപടിയിൽ വ്യക്തമാക്കുന്നു. അതിനാൽ ഈ മേഖലകൾക്ക് ഫണ്ട് അനുവദിക്കാൻ സാധിച്ചില്ല. അതേസമയം, വനിതാ സഹകരണ സംഘങ്ങൾക്കും ചണം മേഖലയ്ക്കും ഫണ്ട് അനുവദിച്ചിട്ടുണ്ട്. വനിതാ സഹകരണ സംഘങ്ങൾക്ക് 2024-25 സാമ്പത്തിക വർഷത്തിൽ 1355.61 കോടി രൂപയും, 2022-23 ൽ 8.76 കോടി രൂപ ചണം മേഖലയ്ക്കും നൽകിയതായി കണക്കുകൾ വ്യക്തമാക്കുന്നു.

ഫണ്ട് വിഹിതം കുറഞ്ഞതല്ല, മറിച്ച് അപേക്ഷകൾ ലഭിക്കാത്തതാണ് ഈ മേഖലകളിലേക്ക് പണം എത്താതിരിക്കാൻ കാരണമെന്നും മറുപടിയിൽ പറയുന്നു. സഹകരണ സംഘങ്ങൾക്ക് പദ്ധതികൾ സമർപ്പിച്ച് കേന്ദ്ര സഹായം നേടാൻ കഴിയുമായിരുന്നെങ്കിലും, കേരളത്തിലെ പരമ്പരാഗത വ്യവസായ മേഖലകളായ കയറിലും കോഴി വളർത്തലിലും ഈ അവസരം വിനിയോഗിച്ചില്ലെന്നാണ് കേന്ദ്രത്തിന്റെ മറുപടി വ്യക്തമാക്കുന്നത്.