
കൂലി മനോഹരമായ സിനിമ; ലോകേഷിന് അഭിനന്ദനവുമായി നാഗാർജുന
ഹൈദരാബാദ്: തമിഴ് സിനിമയുടെ ഏറ്റവും പുതിയ പ്രതിഭാധനനായ സംവിധായകൻ ലോകേഷ് കനകരാജിന്റെ കൂലി എന്ന സിനിമയിൽ വില്ലനായി എത്തുകയാണ് പ്രശസ്ത നടൻ നാഗാർജുന. സിനിമയെക്കുറിച്ചും സംവിധായകനെക്കുറിച്ചും ഹൈദരാബാദിൽ നടന്ന ഒരു ചടങ്ങിൽ വെച്ച് മനസ്സ് തുറന്ന നാഗാർജുന, ലോകേഷിനെ വാനോളം പ്രശംസിച്ചു.
മറ്റുള്ള സംവിധായകരിൽ നിന്ന് വ്യത്യസ്തനായി, സിനിമയുടെ ബജറ്റ് നിയന്ത്രിച്ച്, അഞ്ച് കോടി രൂപ ലാഭിച്ചു എന്നാണ് നാഗാർജുന വെളിപ്പെടുത്തിയത്. “അവസാന ഷെഡ്യൂൾ ബാങ്കോക്കിൽ വെച്ച് ചിത്രീകരിക്കുമ്പോൾ ലോകേഷ് പറഞ്ഞു, ‘സൺ പിക്ചേഴ്സ് എനിക്ക് ഇത്രയും വലിയ ബജറ്റ് തന്നിട്ടും, അഞ്ച് കോടി രൂപ ബാക്കിയുണ്ട്. ഞങ്ങൾ സിനിമയുടെ ഷൂട്ടിങ് പൂർത്തിയാക്കി കഴിഞ്ഞു.’ ഇത്ര വലിയൊരു സിനിമയ്ക്ക് ഇത് വളരെ മനോഹരമായൊരു കാര്യമാണ്,” നാഗാർജുന പറഞ്ഞു.
താൻ ഇത്രയും കാലത്തെ സിനിമാ ജീവിതത്തിൽ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വ്യത്യസ്തനായ സംവിധായകനാണ് ലോകേഷ് എന്നും നാഗാർജുന കൂട്ടിച്ചേർത്തു. “ഞാൻ ഒരുപാട് സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. പക്ഷേ, ലോകേഷിനെപ്പോലെ അത്രയും വ്യക്തമായ കാഴ്ച്ചപ്പാടുള്ള ഒരാളോടൊപ്പം ഞാൻ പ്രവർത്തിച്ചിട്ടില്ല. അദ്ദേഹം ആറ് ക്യാമറകൾ വെച്ചാണ് ഷൂട്ട് ചെയ്യുന്നത്. അതിനാൽ തന്നെ മിക്ക രംഗങ്ങളും ഒരു ടേക്കിൽ തന്നെ പൂർത്തിയാകും. ഞാൻ ഒരു നെഗറ്റീവ് കഥാപാത്രമാണ് ചെയ്തതെങ്കിലും എനിക്ക് ലഭിച്ചത് പോസിറ്റീവായ അനുഭവമാണ്. ഇനിയും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” നാഗാർജുന ആവേശം കൊണ്ട് പറഞ്ഞു.
രജനികാന്ത്, നാഗാർജുന, സൗബിൻ ഷാഹിർ, ഉപേന്ദ്ര, ശ്രുതി ഹാസൻ, സത്യരാജ് എന്നിവരാണ് ‘കൂലി’യിലെ പ്രധാന താരങ്ങൾ. ആമിർ ഖാൻ, രചിത റാം, റീബ മോണിക്ക ജോൺ, ജൂനിയർ എംജിആർ, കണ്ണ രവി, മോനിഷ ബ്ലെസി, കാളി വെങ്കട്ട് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൺ പിക്ചേഴ്സിനുവേണ്ടി കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രം ഓഗസ്റ്റ് 14-ന് തിയേറ്ററുകളിൽ എത്തും.