
കൂലി’യിലെ “മോണിക്ക” ഗാനം നിർബന്ധിച്ച് വെച്ചതല്ല, ബിസിനസ് ആവശ്യം മാത്രം; കാരണം വ്യക്തമാക്കി ലോകേഷ് കനകരാജ്
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ത്രില്ലർ ചിത്രമായ ‘കൂലി’യിലെ ‘മോണിക്ക’ എന്ന ഗാനം ഉൾപ്പെടുത്തിയതിനെക്കുറിച്ച് തുറന്നു പറഞ്ഞ് സംവിധായകൻ. പൂജ ഹെഗ്‌ഡെയും സൗബിൻ ഷാഹിറും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ഗാനം ബിസിനസ് താൽപ്പര്യങ്ങൾ മുൻനിർത്തി മാത്രമാണ് സിനിമയിൽ ചേർത്തതെന്നും, തൻ്റെ സിനിമകളിൽ സാധാരണ ഇത്തരം ഗാനങ്ങൾ ഉണ്ടാവാറില്ലെന്നും ലോകേഷ് വെളിപ്പെടുത്തി.
2023-ൽ നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ‘ജയിലർ’ എന്ന ചിത്രത്തിലെ ‘കാവാലാ’ എന്ന ഗാനം വലിയ ഹിറ്റായി മാറിയിരുന്നു. ആ ഗാനം കഥയുടെ ഒഴുക്കിന് അനുസരിച്ച് രജനികാന്തിനൊപ്പം ചേർന്ന് നിൽക്കുന്നതായിരുന്നു. എന്നാൽ ‘കൂലി’യിൽ അത്തരമൊരു സാധ്യത ഉണ്ടായിരുന്നില്ലെന്ന് ലോകേഷ് പറഞ്ഞു. “ജയിലറിൽ രജനികാന്ത് സാറിന് നൃത്തം ചെയ്യാൻ അവസരം നൽകിയ ഗാനമാണ് ‘കാവാലാ’. എന്നാൽ ‘കൂലി’യിൽ അങ്ങനെയൊരു അവസരം ഇല്ലായിരുന്നു. സൗബിൻ ഷാഹിറാണ് ഈ ഗാനം ചിത്രത്തിൽ ഉൾപ്പെടുത്താനുള്ള പ്രധാന കാരണം,” ലോകേഷ് വ്യക്തമാക്കി.
സംഗീതത്തിന് അപ്പുറം തീവ്രമായ കഥപറച്ചിലിനും ശക്തമായ കഥാപാത്രങ്ങൾക്കും പേരുകേട്ട സംവിധായകനാണ് ലോകേഷ് കനകരാജ്. ‘കൈതി’, ‘വിക്രം’, ‘മാസ്റ്റർ’ എന്നീ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾ അദ്ദേഹത്തിൻ്റെ കഴിവിന് ഉദാഹരണങ്ങളാണ്.
അതിനിടെ, ‘കൂലി’ക്ക് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) ‘A’ സർട്ടിഫിക്കറ്റ് നൽകി. ശ 14-ന് ചിത്രം തിയേറ്ററുകളിൽ എത്തും.
വൃദ്ധനായ ഒരു സ്മഗ്ളറായി രജനികാന്ത് എത്തുന്ന ചിത്രത്തിൽ ശക്തനായ ഒരു സ്വർണക്കടത്ത് സംഘത്തെ തകർക്കാൻ തൻ്റെ സംഘത്തെ അദ്ദേഹം പുനഃസംഘടിപ്പിക്കുന്നു. നാഗാർജുന അക്കിനേനി, ഉപേന്ദ്ര റാവു, ശ്രുതി ഹാസൻ, സത്യരാജ് തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ട്. ഇതിനു പുറമെ ബോളിവുഡ് സൂപ്പർസ്റ്റാറായ ആമിർ ഖാനും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.