
സൗരോർജ്ജം കെഎസ്ഇബിക്ക് ‘ബാധ്യത’; സോളാർ ഇല്ലാത്തവരിൽ നിന്ന് അധിക പണം ഈടാക്കാൻ നീക്കം
തിരുവനന്തപുരം: സംസ്ഥാനത്ത് പുരപ്പുറ സോളാർ പദ്ധതി കെഎസ്ഇബിക്ക് കനത്ത സാമ്പത്തിക ബാധ്യതയാകുന്നുവെന്ന് റിപ്പോർട്ട്. ഈ സാമ്പത്തിക വർഷം പുരപ്പുറ സോളാറിൽ നിന്ന് വൈദ്യുതി സംഭരിക്കുന്നതിന് ബോർഡിന് 500 കോടിയിലധികം രൂപയുടെ അധികച്ചെലവ് വന്നതായാണ് കണക്ക്. ഈ ഭീമമായ നഷ്ടം നികത്താൻ, സോളാർ പാനലുകൾ സ്ഥാപിക്കാത്ത ഉപഭോക്താക്കളിൽ നിന്ന് യൂണിറ്റിന് 19 പൈസ അധികമായി ഈടാക്കാൻ കെഎസ്ഇബി ബോർഡ് യോഗത്തിൽ നിർദ്ദേശം ഉയർന്നതായി വിവരമുണ്ട്.
പകൽ സമയത്ത് ഉത്പാദിപ്പിക്കുന്ന സൗരോർജ്ജത്തിന്റെ 36% മാത്രമാണ് നിലവിൽ ഗ്രിഡിലേക്ക് നേരിട്ട് ഉപയോഗിക്കാൻ സാധിക്കുന്നത്. ബാക്കി വരുന്ന 45 ശതമാനം വൈദ്യുതി സംഭരിക്കേണ്ടി വരുന്നതാണ് 500 കോടിയുടെ അധികച്ചെലവിന് കാരണമെന്ന് കെഎസ്ഇബി വിശദീകരിക്കുന്നു. കൃത്യമായ ആസൂത്രണമില്ലാതെ സോളാർ പദ്ധതിയെ പ്രോത്സാഹിപ്പിച്ച മാനേജ്മെന്റിന്റെ പിടിപ്പുകേടാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് ശക്തമായ വിമർശനം ഉയരുന്നുണ്ട്.
സംസ്ഥാനത്തെ രണ്ടര ലക്ഷത്തോളം വരുന്ന സോളാർ ഉപഭോക്താക്കളുടെ ഭാരം, സോളാർ ഇല്ലാത്ത 3.1 കോടി ഉപഭോക്താക്കളുടെ മേൽ കെട്ടിവെക്കാനാവില്ലെന്നാണ് കെഎസ്ഇബിയുടെ വാദം. എന്നാൽ, സോളാർ ഇല്ലാത്തവരിൽ നിന്ന് അധിക പണം ഈടാക്കാനുള്ള നീക്കം സാധാരണക്കാർക്ക് വലിയ തിരിച്ചടിയാകും. കെഎസ്ഇബിയുടെ ഈ നയമാറ്റം, സർക്കാരിന്റെ പ്രോത്സാഹനം വിശ്വസിച്ച് ലക്ഷങ്ങൾ മുടക്കി സോളാർ പാനലുകൾ സ്ഥാപിച്ചവർക്കും കനത്ത പ്രഹരമാണ്.