
കൂത്താട്ടുകുളത്ത് എൽഡിഎഫിന് ഭരണം നഷ്ടം; അവിശ്വാസം പാസായി, യുഡിഎഫ് ക്യാമ്പിൽ ആഹ്ളാദം
കൂത്താട്ടുകുളം: നാടകീയമായ രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ കൂത്താട്ടുകുളം നഗരസഭയിൽ എൽഡിഎഫിന് ഭരണം നഷ്ടമായി. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെയാണ് ഭരണമാറ്റം ഉറപ്പായത്. പ്രമേയം പാസായതിന് പിന്നാലെ യുഡിഎഫ് പ്രവർത്തകർ നഗരസഭയ്ക്ക് മുന്നിൽ ആഹ്ലാദപ്രകടനം നടത്തി. സിപിഎം വിമത കല രാജുവും ഒരു സ്വതന്ത്രനും യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് വോട്ടു ചെയ്തു. ഇതോടെയാണ് അവിശ്വാസ പ്രമേയം പാസായത്.
എൽഡിഎഫ് കൗൺസിലറായിരുന്ന കലാരാജുവിന്റെ നിർണായക വോട്ട് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് അനുകൂലമായതോടെയാണ് ഭരണമാറ്റം സംഭവിച്ചത്. ഇതോടെ, കൂത്താട്ടുകുളത്തെ ഭരണം യുഡിഎഫ് പിടിച്ചെടുത്തു.
ജനുവരി 18ന് അവിശ്വാസ പ്രമേയം പരിഗണിക്കാനിരിക്കെ, കലാരാജുവിനെ സിപിഎം പ്രവർത്തകർ തട്ടിക്കൊണ്ടുപോയെന്ന ആരോപണം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അന്ന് പോലീസിന്റെ ശക്തമായ ഇടപെടലിനെ തുടർന്ന് പ്രമേയം ചർച്ചയ്ക്കെടുക്കാനായിരുന്നില്ല. എന്നാൽ, ഇന്ന് നടന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ താൻ അനുഭവിച്ച അപമാനത്തിനും സമ്മർദ്ദത്തിനും മറുപടിയായി മനസാക്ഷിക്ക് അനുസരിച്ച് വോട്ട് ചെയ്യുകയാണെന്ന് കലാരാജു വ്യക്തമാക്കി. തനിക്കെതിരായ സാമ്പത്തിക ആരോപണങ്ങളെയും അവർ തള്ളിക്കളഞ്ഞു.

എൽഡിഎഫ് നേതൃത്വം ഇതിനെ ജനാധിപത്യത്തെ കശാപ്പ് ചെയ്ത കുതിരക്കച്ചവടമെന്ന് വിശേഷിപ്പിച്ചപ്പോൾ, കൂത്താട്ടുകുളത്തെ ജനാധിപത്യ മൂല്യങ്ങളുടെ വിജയമാണിതെന്ന് യുഡിഎഫ് പ്രതികരിച്ചു. കലാരാജുവിന്റെ കൂറുമാറ്റം കൂത്താട്ടുകുളത്തെ രാഷ്ട്രീയത്തിൽ വരും ദിവസങ്ങളിലും വലിയ ചർച്ചകൾക്ക് വഴിവെക്കുമെന്നുറപ്പാണ്.
അവിശ്വാസപ്രമേയ ചർച്ചകൾക്കിടെ ഉയർന്നുവന്ന ആരോപണ പ്രത്യാരോപണങ്ങൾ കൂത്താട്ടുകുളത്തെ രാഷ്ട്രീയത്തെ വരും ദിവസങ്ങളിലും പ്രക്ഷുബ്ധമാക്കുമെന്നുറപ്പാണ്.