
കോടതി വളപ്പിൽ കൊടി സുനിയുടെ മദ്യപാനം: കൂടുതൽ പോലീസുകാർക്കെതിരെ നടപടിക്ക് സാധ്യത, ഡിജിപി യോഗം വിളിച്ചു
തിരുവനന്തപുരം: കോടതി വളപ്പിൽ വെച്ച് ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി പരസ്യമായി മദ്യപിച്ച സംഭവത്തിൽ കൂടുതൽ പോലീസുകാർക്കെതിരെ നടപടിക്ക് സാധ്യത. സംഭവത്തിൽ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഡിജിപി അടിയന്തര യോഗം വിളിച്ചു. വിഷയത്തിൽ നിയമോപദേശം തേടിയ ശേഷം കൊടി സുനിക്കെതിരെ കേസെടുക്കുമെന്നും ഡിജിപി വ്യക്തമാക്കി.
കോടതി പരിസരത്ത് മദ്യപിച്ച സംഭവത്തിൽ കേസുണ്ടാകില്ലെന്ന പ്രചാരണങ്ങൾ തള്ളിയ ഡിജിപി, നിയമവശങ്ങൾ പരിശോധിച്ച ശേഷം കർശന നടപടിയുണ്ടാകുമെന്ന് അറിയിച്ചു. സംഭവത്തിൽ നിലവിൽ മൂന്ന് സിവിൽ പോലീസ് ഓഫീസർമാർക്കെതിരെ നടപടി എടുത്തിട്ടുണ്ട്. എന്നാൽ, സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥർക്കും വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.
ജില്ലാ പോലീസ് മേധാവിയുടെ ആസ്ഥാനത്ത് വിളിച്ചുചേർത്ത അടിയന്തര യോഗത്തിൽ കൊടി സുനി വിഷയവും, ചേർത്തലയിലെ തിരോധാന കേസ് ഉൾപ്പെടെയുള്ള മറ്റ് കേസുകളിലെ അന്വേഷണ പുരോഗതിയും ചർച്ചയാകും. പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ കർശന നിർദ്ദേശം നൽകുമെന്നും ഡിജിപി അറിയിച്ചു.