
കേരളത്തിൽ പേവിഷബാധ മരണം കൂടുന്നു; എബിസി ചട്ടങ്ങളിൽ ഇളവില്ല, കൂടുതൽ കേന്ദ്രങ്ങളിൽ വന്ധ്യംകരണത്തിന് അനുമതി
ന്യൂഡൽഹി: കേരളത്തിൽ തെരുവുനായ ശല്യം രൂക്ഷമാവുകയും പേവിഷബാധയേറ്റുള്ള മരണം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, മൃഗ ജനന നിയന്ത്രണ (എബിസി) ചട്ടങ്ങളിൽ ഇളവ് നൽകില്ലെന്ന് കേന്ദ്ര സർക്കാർ ലോക്സഭയിൽ വ്യക്തമാക്കി. എന്നാൽ, സംസ്ഥാനത്തെ കൂടുതൽ സർക്കാർ വെറ്ററിനറി പോളിക്ലിനിക്കുകളിൽ വന്ധ്യംകരണ ശസ്ത്രക്രിയ നടത്താൻ കേരളം നൽകിയ അപേക്ഷയ്ക്ക് കേന്ദ്രം അനുമതി നൽകി. അടൂർ പ്രകാശ് എംപി ഉന്നയിച്ച ചോദ്യങ്ങൾക്ക് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി എസ്.പി. സിംഗ് ബാഗേലാണ് മറുപടി നൽകിയത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കേരളത്തിൽ 2023-ൽ 314 പേർക്ക് പേവിഷബാധയേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്തിരുന്നു. 2024-ൽ ഇത് 65 കേസുകളും 8 മരണങ്ങളുമായി. രാജ്യത്ത് വർധിച്ചുവരുന്ന തെരുവുനായ ശല്യത്തെയും പേവിഷബാധ മരണങ്ങളെയും കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് കേന്ദ്രത്തിന്റെ പ്രതികരണം.
തെരുവുനായകളുടെ എണ്ണം നിയന്ത്രിക്കേണ്ടത് ഭരണഘടന പ്രകാരം മുനിസിപ്പാലിറ്റികളുടെ ചുമതലയാണെന്ന് കേന്ദ്രം വ്യക്തമാക്കി. ഇതിനായി 2023-ലെ മൃഗ ജനന നിയന്ത്രണ ചട്ടങ്ങൾ പ്രകാരം വന്ധ്യംകരണവും പേവിഷബാധയ്ക്കെതിരായ കുത്തിവെപ്പുമാണ് പ്രധാന മാർഗ്ഗങ്ങൾ. ഈ പദ്ധതി കാര്യക്ഷമമായി നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും കേന്ദ്രം അറിയിച്ചു.
പുതുക്കിയ പദ്ധതി പ്രകാരം, ഒരു നായയെ വന്ധ്യംകരണം നടത്തുന്നതിന് 800 രൂപ വരെ തദ്ദേശ സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം നൽകും. കൂടാതെ, സംസ്ഥാനങ്ങളിലെ സർക്കാർ മൃഗാശുപത്രികളിൽ ശസ്ത്രക്രിയാ തിയേറ്ററുകൾ, കെന്നലുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി 2 കോടി രൂപയുടെ ഒറ്റത്തവണ ഗ്രാന്റും അനുവദിച്ചിട്ടുണ്ട്.
എബിസി ചട്ടങ്ങളിൽ ഇളവ് നൽകണമെന്നാണോ കേരളം ആവശ്യപ്പെട്ടതെന്ന ചോദ്യത്തിന്, സർക്കാർ വെറ്ററിനറി ഡിസ്പെൻസറികളിൽ എബിസി നടപടിക്രമങ്ങൾ ഏറ്റെടുക്കാൻ മൃഗസംരക്ഷണ വകുപ്പ് അനുമതി തേടിയിരുന്നുവെന്നും, സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട വെറ്ററിനറി പോളിക്ലിനിക്കുകളിൽ ഇതിന് അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി മറുപടി നൽകി.