
തിരുവനന്തപുരം: അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സിയും ടീമും കേരളത്തിൽ കളിക്കാനെത്തുമെന്ന സംസ്ഥാന കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെ വാഗ്ദാനം വെറുംവാക്കായതോടെ വിമർശനം ശക്തമാകുന്നു. മെസ്സി വരുന്നില്ലെന്ന് മന്ത്രി തന്നെ ഇന്നലെ സ്ഥിരീകരിച്ചിരുന്നു. എന്നാൽ, ജനങ്ങളെ പറഞ്ഞു പറ്റിക്കാൻ മന്ത്രി രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തിയ പ്രചാരണം ആയിരുന്നു ഇതെന്ന് പ്രതിപക്ഷം ഉൾപ്പെടെയുള്ളവർ ആരോപിക്കുന്നു.
റിപ്പോർട്ടർ ടിവി മുതലാളിയും സ്പോൺസറുമായ ആന്റോ അഗസ്റ്റിൻ നേരത്തെ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് വാക്ക് നൽകിയിരുന്നു. മെസ്സി വരാതിരുന്നാൽ ഇന്ത്യയിൽ കാലുകുത്തിക്കില്ലെന്ന് ഭീഷണി മുഴക്കുന്ന നിലയിൽ ഇന്ന് അദ്ദേഹം നടത്തിയ പത്രസമ്മേളനവും വിവാദമായി. എന്നാൽ, ഇതിനെക്കാൾ ഗൗരവത്തോടെ കാണേണ്ടത് കായിക മന്ത്രിയുടെ വാക്കുകളാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ജനങ്ങളോട് നേരിട്ട് ഉത്തരവാദിത്തമുള്ള മന്ത്രി, വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് ഒരു ക്യാമ്പയിന് നേതൃത്വം നൽകിയത് ഗുരുതരമായ വീഴ്ചയാണെന്നാണ് ആക്ഷേപം.
മെസ്സിയെ കൊണ്ടുവരും എന്നല്ല, അർജന്റീന ദേശീയ ടീമിനെ കേരളത്തിലെത്തിച്ച് അന്താരാഷ്ട്ര മത്സരം നടത്തുമെന്നാണ് മന്ത്രി ആദ്യം മുതൽ പറഞ്ഞിരുന്നത്. എന്നാൽ ഇത് പ്രായോഗികമല്ലെന്നും, മന്ത്രിക്ക് ഈ വിഷയത്തെക്കുറിച്ച് പ്രാഥമിക ധാരണ പോലും ഇല്ലായിരുന്നു എന്നും അക്കാലത്തുതന്നെ പലരും ചൂണ്ടിക്കാണിച്ചിരുന്നു. അർജന്റീന പോലുള്ള ഒരു ടീമുമായി ഫ്രണ്ട്‌ലി മത്സരം സംഘടിപ്പിക്കേണ്ടത് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) ആണ്, അല്ലാതെ ഒരു സംസ്ഥാന സർക്കാരോ ഫുട്ബോൾ അസോസിയേഷനോ അല്ല.
മന്ത്രി ആദ്യം അർജന്റീനയെ കൊണ്ടുവരുമെന്ന് പറഞ്ഞത് 2024 പകുതിയോടെയാണ്. കോപ്പ അമേരിക്കയും ഒളിമ്പിക്സും നടക്കുന്ന സമയമായിരുന്നു അതെന്ന് പോലും അറിയാതെയായിരുന്നു ഈ പ്രഖ്യാപനം.
പിന്നീട്, 2024 വർഷാവസാനം ടീം എത്തുമെന്ന് പറഞ്ഞ് മന്ത്രി സമയം നീട്ടിയെടുത്തു. എന്നാൽ 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ നടക്കുന്ന സമയത്ത് അത് ഒഴിവാക്കി കേരളത്തിൽ കളിക്കാൻ വരാൻ ഒരു സാധ്യതയുമില്ലെന്ന് അദ്ദേഹത്തിന് അപ്പോഴും ധാരണയില്ലായിരുന്നു എന്നത് പരിഹാസ്യമായി. ഒക്ടോബർ 25 മുതൽ നവംബർ 8 വരെ തീയതികളിലാണ് അർജന്റീന വരുമെന്ന് മന്ത്രി ഒടുവിൽ പറഞ്ഞത്. ഫുട്ബോളിലെ ഒക്ടോബർ ബ്രേക്ക് കഴിഞ്ഞ് നവംബർ ബ്രേക്ക് തുടങ്ങും മുൻപുള്ള സമയമാണിത്. കോമൺസെൻസും അന്താരാഷ്ട്ര ഫുട്ബോളിനെക്കുറിച്ച് അറിവുമുള്ള ആർക്കും ഇത് മനസ്സിലാക്കാവുന്നതാണ്.
മന്ത്രി അബ്ദുറഹിമാന്റെ ഈ പ്രഖ്യാപനങ്ങളെല്ലാം കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പി.ആർ. വർക്കുകൾ ആയിരുന്നെന്ന് സംശയിക്കുന്നവർ ഏറെയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് മന്ത്രി ആദ്യമായി ഈ വിഷയം പറഞ്ഞത്. പിന്നീട് പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് കാലത്തും ഏറ്റവുമൊടുവിൽ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വേളയിലുമാണ് മന്ത്രി ഇത് ആവർത്തിച്ചത്. യുവാക്കളുടെ വോട്ട് ലക്ഷ്യമിട്ടുള്ള നീക്കങ്ങളായിരുന്നു ഇതെന്നും വിഷയത്തിൽ യാതൊരു ആത്മാർത്ഥതയും സർക്കാരിനോ മന്ത്രിക്കോ ഉണ്ടായിരുന്നില്ലെന്നും ആരോപണമുയരുന്നു.
അർജന്റീന ടീമിനായി 135 കോടി രൂപ അഡ്വാൻസ് നൽകിയെന്ന് സ്പോൺസർ അവകാശപ്പെടുന്നുണ്ടെങ്കിലും, അതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ നിയമപരമായ തടസ്സങ്ങളുണ്ടെന്ന് അദ്ദേഹം പറയുന്നു. അതേസമയം, അർജന്റീന അധികാരികളുമായി ചർച്ചക്കെന്ന പേരിൽ മന്ത്രിയും സംഘവും നടത്തിയ വിദേശയാത്രയുടെ ചെലവ് പൊതുഖജനാവിൽ നിന്നായിരുന്നെന്ന് കരുതുന്നു. ഇതിന് കണക്ക് വേണമെന്ന് ആവശ്യമുയരുന്നുണ്ട്. സാധാരണക്കാരുടെ നികുതിപ്പണം ഇത്തരം തട്ടിപ്പുകളുടെ പേരിൽ പാഴാകരുതെന്ന് വി.ടി. ബൽറാം അഭിപ്രായപ്പെട്ടു.