
ബിരിയാണിക്ക് തീവിലയാകും! കൈമ അരി വില കുതിക്കുന്നു; ഹോട്ടലുകൾ പ്രതിസന്ധിയിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ബിരിയാണി പ്രേമികളുടെ വയറ്റത്തടിച്ച് കൈമ (ജീരകശാല) അരിയുടെ വില റോക്കറ്റ് പോലെ കുതിക്കുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 35 ശതമാനത്തിന്റെ ഭീമമായ വർധനവാണ് അരിവിലയിൽ ഉണ്ടായിരിക്കുന്നത്. ഇതോടെ വിവാഹ സൽക്കാരങ്ങൾക്കും ഹോട്ടൽ ഭക്ഷണത്തിനും ചെലവേറും. വരും ദിവസങ്ങളിലും വില ഇനിയും ഉയരാനാണ് സാധ്യതയെന്ന് വ്യാപാരികൾ പറയുന്നു.
മൂന്ന് മാസം മുൻപ് വരെ കിലോയ്ക്ക് 120 മുതൽ 150 രൂപ വരെ വിലയുണ്ടായിരുന്ന ഒന്നാംതരം കൈമ അരിക്ക് ഇപ്പോൾ 180 മുതൽ 240 രൂപ വരെയാണ് വിപണിയിലെ വില. പ്രധാനമായും ബംഗാളിൽ നിന്നാണ് കേരളത്തിലേക്ക് കൈമ അരി എത്തുന്നത്. എന്നാൽ, ബംഗാളിലുണ്ടായ പ്രതികൂല കാലാവസ്ഥ ഉത്പാദനത്തെ സാരമായി ബാധിച്ചതും, അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ ബിരിയാണി അരിക്ക് ആവശ്യകതയേറിയതുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വിലവർധനവ് ഏറ്റവും കൂടുതൽ ബാധിച്ചത് ഹോട്ടൽ, കാറ്ററിംഗ് മേഖലയെയാണ്. മലബാറിലെ ഹോട്ടലുകളിലും ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകളിലും ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന വിഭവമാണ് ബിരിയാണി. വെളിച്ചെണ്ണ വിലവർധനവിന് പിന്നാലെ അരിവിലയും കുതിച്ചതോടെ ഭക്ഷണത്തിന്റെ വില വർധിപ്പിക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന അവസ്ഥയിലാണെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു. ഗുണമേന്മ കുറഞ്ഞ അരി ഉപയോഗിച്ച് ബിരിയാണിയും നെയ്ച്ചോറും ഉണ്ടാക്കേണ്ട ഗതികേടിലാണ് പലരും.
മഴ കാരണം കർഷകർക്ക് കൃത്യസമയത്ത് വിത്തിറക്കാൻ കഴിയാത്തതും, കയറ്റുമതി വർധിച്ചതും, വൻകിട വ്യാപാരികൾ അരി വൻതോതിൽ സംഭരിക്കുന്നതും ക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമാകുന്നുണ്ട്. അരിവില നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമായി ഉയരുകയാണ്.