
ന്യൂഡൽഹി: രാജ്യത്ത് നക്സൽ ഭീഷണി ഒഴിഞ്ഞ മേഖലകളിൽ വരാനിരിക്കുന്ന പുതിയ വ്യവസായ കേന്ദ്രങ്ങൾക്ക് സുരക്ഷയൊരുക്കുന്നതിനും, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ തുടങ്ങിയ തന്ത്രപ്രധാന സ്ഥാപനങ്ങളിലെ സുരക്ഷ ശക്തമാക്കുന്നതിനുമായി കേന്ദ്ര സർക്കാർ സിഐഎസ്എഫിന്റെ (കേന്ദ്ര വ്യവസായ സുരക്ഷാ സേന) അംഗബലം 2.20 ലക്ഷമായി ഉയർത്തി. നിലവിലെ 2 ലക്ഷം എന്ന അംഗീകൃത അംഗബലത്തിൽ 20,000 പേരുടെ വർധനവാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വരുത്തിയിരിക്കുന്നത്.
സിഐഎസ്എഫ് ഡയറക്ടർ ജനറൽ ആർ.എസ്. ഭാട്ടിക്ക് ജൂലൈ 22-ന് അയച്ച കത്തിലാണ് രാഷ്ട്രപതി അംഗബലം വർധിപ്പിക്കാൻ അനുമതി നൽകിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. നിലവിൽ സിഐഎസ്എഫിൻ്റെ യഥാർത്ഥ അംഗബലം 1.62 ലക്ഷമാണ്. പുതിയ തീരുമാനത്തോടെ ഏകദേശം 58,000 പേർക്ക് കൂടി സേനയുടെ ഭാഗമാകാൻ അവസരം ലഭിക്കും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഓരോ വർഷവും ഏകദേശം 14,000 പേരെ റിക്രൂട്ട് ചെയ്യാനാണ് പദ്ധതിയെന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥൻ അറിയിച്ചു.
“ഛത്തീസ്ഗഡ് പോലുള്ള സംസ്ഥാനങ്ങളിൽ നക്സല്‍ തീവ്രവാദം കുറഞ്ഞതോടെ, പുതിയ വ്യാവസായിക കേന്ദ്രങ്ങൾ ഉയർന്നുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ യൂണിറ്റുകൾക്ക് സമഗ്രവും ഫലപ്രദവുമായ സുരക്ഷ നൽകുന്നതിന് ശക്തമായ സിഐഎസ്എഫ് സാന്നിധ്യം ആവശ്യമാണ്,” എന്ന് അധികൃതർ പറഞ്ഞു. 2024-ൽ 13,230 പേരെ സേനയിൽ റിക്രൂട്ട് ചെയ്തിരുന്നു. 2025-ൽ 24,098 പേരുടെ നിയമന നടപടികൾ പുരോഗമിക്കുകയാണ്.
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന് പേരിട്ട സൈനിക നടപടിക്ക് ശേഷം പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും ഉൾപ്പെടെ നിരവധി സംഘടനകളിൽ നിന്ന് സിഐഎസ്എഫ് സുരക്ഷയ്ക്കായുള്ള അഭ്യർത്ഥനകൾ വർധിച്ചിട്ടുണ്ട്. “ഏകദേശം 35 അഭ്യർത്ഥനകൾ പരിഗണനയിലാണ്, 100 സ്ഥാപനങ്ങളിൽ നിന്നുള്ള അപേക്ഷകൾ കെട്ടിക്കിടക്കുന്നു. റിക്രൂട്ട്‌മെന്റ് പൂർത്തിയാകുന്നതോടെ കൂടുതൽ സ്ഥാപനങ്ങൾക്ക് സുരക്ഷ നൽകാനാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം പാർലമെൻ്റ് മന്ദിരം, അയോധ്യ വിമാനത്താവളം, ഹസാരിബാഗിലെ എൻടിപിസി കൽക്കരി ഖനന പദ്ധതി, പൂനെയിലെ ഐസിഎംആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ബക്സർ താപവൈദ്യുത നിലയം എന്നിവയുൾപ്പെടെ ഏഴ് പുതിയ സ്ഥലങ്ങളിൽ സിഐഎസ്എഫിനെ വിന്യസിച്ചിരുന്നു. 1969-ൽ വെറും 3,000 പേരുമായി സ്ഥാപിതമായ സിഐഎസ്എഫ്, നിലവിൽ 359 തന്ത്രപ്രധാന സ്ഥാപനങ്ങൾക്ക് സുരക്ഷ നൽകുന്നുണ്ട്.