
തിരുവനന്തപുരം: ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾക്കെതിരായ കേസിൽ സ്വീകരിച്ച നിലപാട് തിരിച്ചടിയായേക്കുമെന്ന ആശങ്കയിൽ കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ അനുനയിപ്പിക്കാൻ ബിജെപി സംസ്ഥാന നേതൃത്വം. കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത് രാഷ്ട്രീയ വിജയമായി ആഘോഷിക്കുന്നതിനൊപ്പം, ക്രൈസ്തവ സഭകളുമായി അടുപ്പം സ്ഥാപിക്കാനുള്ള ഊർജ്ജിത ശ്രമങ്ങളും പാർട്ടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി പാർട്ടിയിലെ ക്രൈസ്തവ നേതാവായ ഷോൺ ജോർജിന് പ്രത്യേക ചുമതല നൽകി.
പാർട്ടിയുടെ ക്രൈസ്തവ നയതന്ത്രം പാളിയെന്ന വിമർശനം ശക്തമായതോടെ, ക്രൈസ്തവ മേലധ്യക്ഷന്മാരെയും വിശ്വാസികളെയും നേരിൽ കണ്ട് കാര്യങ്ങൾ വിശദീകരിക്കാൻ സംസ്ഥാന നേതൃത്വം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് മുതൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ‘ഔട്ട്റീച്ച് പ്രോഗ്രാം’ ആരംഭിക്കും.
കഴിഞ്ഞ ദിവസം വിവിധ ക്രൈസ്തവ സഭകളുടെ പ്രതിനിധികളുമായി ബിജെപി നേതാക്കൾ കൂടിക്കാഴ്ച നടത്തുകയും കേക്ക് മുറിച്ച് സൗഹൃദം പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിയിലെ ക്രൈസ്തവ മുഖങ്ങളെ അണിനിരത്തി പ്രത്യേക യോഗം ചേർന്നത്. ഛത്തീസ്ഗഢ് വിഷയത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ പാർട്ടിക്കുള്ളിൽ നിന്നുതന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് തിരുത്തൽ നടപടികളുമായി നേതൃത്വം മുന്നോട്ട് പോകുന്നത്.

ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കകൾ അകറ്റുകയും, പാർട്ടിയുമായി അവരെ കൂടുതൽ അടുപ്പിക്കുകയുമാണ് ഷോൺ ജോർജിന് നൽകിയിരിക്കുന്ന പ്രധാന ദൗത്യം. കന്യാസ്ത്രീകളുടെ അറസ്റ്റും തുടർന്നുള്ള സംഭവവികാസങ്ങളും വിശദീകരിക്കുകയും, അവരുടെ മോചനത്തിനായി പാർട്ടി സ്വീകരിച്ച നടപടികൾ ബോധ്യപ്പെടുത്തുകയുമാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി ബിജെപി നേതാവ് ഷോൺ ജോർജ് ഇന്ന് കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ പ്രസിഡന്റ് കർദിനാൾ ബസേലിയസ് ക്ലീമിസ് ബാവയെയും ലത്തീൻ അതിരൂപത വികാരി ജനറൽ ഫാദർ യൂജിൻ പെരേരയെയും സന്ദർശിക്കും.
അതേസമയം, ബിജെപിയുടെ ഈ നീക്കത്തിനെതിരെ ആർഎസ്എസ്, വിഎച്ച്പി, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘപരിവാർ സംഘടനകൾക്ക് കടുത്ത എതിർപ്പുണ്ട്. കന്യാസ്ത്രീകൾ മതപരിവർത്തനം നടത്തിയെന്നും മനുഷ്യക്കടത്ത് നടത്തിയെന്നുമുള്ള നിലപാടിൽ വിഎച്ച്പി അടക്കമുള്ള സംഘടനകൾ ഉറച്ചുനിൽക്കുകയാണ്. ഇത് സംസ്ഥാന ബിജെപിയെ കൂടുതൽ ഒറ്റപ്പെടുത്തുന്നു. സംഘപരിവാറിന്റെ ഈ കടുത്ത നിലപാട് നിലനിൽക്കെ, ബിജെപിയുടെ അനുനയ നീക്കം ക്രൈസ്തവ വിശ്വാസികൾക്കിടയിൽ എത്രത്തോളം സ്വീകാര്യമാകുമെന്ന് കണ്ടറിയണം.