
ഓവൽ ടെസ്റ്റിന്റെ നാലാം ദിവസം രാവിലെ നടന്ന മത്സരത്തിൽ, ഹാരി ബ്രൂക്കിന്റെ അപകടകരമായ ക്യാച്ച് കൈക്കലാക്കിയതിന് പിന്നാലെ മുഹമ്മദ് സിറാജിന്റെ കാൽ ബൗണ്ടറി റോപ്പിൽ തട്ടിയത് വലിയൊരു വഴിത്തിരിവായിരുന്നു. 19 റൺസെടുത്ത് നിൽക്കെ ബ്രൂക്കിന് ലഭിച്ച ആ “സെക്കൻഡ് ലൈഫ്” ഒരു സെഞ്ച്വറിയിലേക്ക് (111) എത്തിച്ചപ്പോൾ പത്രങ്ങളിൽ “നായകനിൽ നിന്ന് വില്ലനിലേക്ക് സിറാജ്” എന്ന തലക്കെട്ടുകൾ നിറഞ്ഞു.
എന്നാൽ, കൃത്യം ഇരുപത്തിനാല് മണിക്കൂറിന് ശേഷം, സിറാജ് തന്റെ “നായകൻ” എന്ന പട്ടം തിരിച്ചുപിടിച്ചു. ഇന്ത്യയെ ആറ് റൺസിന്റെ ആവേശകരമായ വിജയത്തിലേക്ക് നയിച്ചുകൊണ്ട് അയാൾ വീണ്ടും ഹീറോയായി മാറി. മത്സരശേഷം സിറാജ് വെളിപ്പെടുത്തിയത്, “വിശ്വസിക്കുക” എന്നെഴുതിയ ഒരു ചിത്രം താൻ ഡൗൺലോഡ് ചെയ്തിരുന്നു എന്നും, ടീമിന് വേണ്ടി അത് ചെയ്യാൻ തനിക്ക് കഴിയുമെന്ന് സ്വയം പറഞ്ഞിരുന്നു എന്നുമാണ്. മ
രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിനെതിരെ സിറാജ് കാഴ്ചവെച്ചത് സിംഹസമാനമായ പ്രകടനമായിരുന്നു. (104/ 5). ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ ഇന്ത്യയുടെ പ്രധാന പേസ് ബൗളറായി സിറാജിനെ ആരാധകരും വാഴ്ത്തും. ഓവൽ ടെസ്റ്റ് ഇന്ത്യ ജയിച്ചില്ലായിരുന്നെങ്കിലും, സിറാജ് “നായകനായി” മാറിയില്ലായിരുന്നെങ്കിലും അയാൾ അഭിനന്ദനം അർഹിക്കുന്നുണ്ടായിരുന്നു. പരമ്പരയിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറായിരുന്ന സിറാജ്, ഓരോ സെഷനിലും തന്റെ പരമാവധി പ്രകടനം പുറത്തെടുക്കുകയും ബാറ്റ്സ്മാൻമാരെ പലതവണ കബളിപ്പിക്കുകയും ചെയ്തു. പരമ്പരയിൽ ഏറ്റവും കൂടുതൽ ഓവറുകൾ (185.3) എറിഞ്ഞ സിറാജ്, 23 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടയിൽ മുന്നിട്ട് നിന്നു. ഇത് ടെസ്റ്റ് ക്രിക്കറ്റിലെ നിലവിലെ മികച്ച പേസ് ബൗളർമാരിൽ ഒരാളെന്ന നിലയിൽ അവന്റെ സ്ഥാനം അരക്കെട്ടുറപ്പിച്ചു.
ഒരു ടെസ്റ്റ് ബൗളർ എന്ന നിലയിൽ സിറാജ് തുടർച്ചയായി മെച്ചപ്പെട്ടു, ഒരു മികച്ച സ്ട്രൈക്ക് ബൗളറായി സ്വയം രൂപാന്തരപ്പെട്ടു. ബുംറയുടെ അഭാവത്തിൽ സിറാജ് പേസ് നിരയുടെ നായകനാണ്. നാലാം ദിവസത്തെ കളി നേരത്തെ അവസാനിപ്പിച്ച കൊടുങ്കാറ്റ് ഇല്ലായിരുന്നെങ്കിൽ, സിറാജ് ഒരു ദിവസം മുൻപ് തന്നെ കാര്യങ്ങൾ അവസാനിപ്പിക്കുമായിരുന്നു.