
‘സയ്യാറ’ 300 കോടി ക്ലബ്ബിലേക്ക്. അഹാൻ പാണ്ഡെയും അനീത് പാടയും പ്രധാന വേഷങ്ങളിലെത്തിയ ഈ റൊമാന്റിക് ചിത്രം ബോക്സ് ഓഫീസിൽ റെക്കോർഡുകൾ ഭേദിച്ച് മുന്നോട്ട്
മോഹിത് സൂരിയുടെ ഏറ്റവും പുതിയ ചിത്രം ‘സയ്യാറ’ ബോക്സ് ഓഫീസിൽ ചരിത്രം കുറിക്കുന്നു. ജൂലൈ 18-ന് റിലീസ് ചെയ്ത റൊമാന്റിക് ഡ്രാമ ചിത്രം ഇതിനോടകം 300 കോടി ക്ലബ്ബിലേക്ക് അടുക്കുകയാണ്.
പുതുമുഖങ്ങളായ അഹാൻ പാണ്ഡെയും അനീത് പാടയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി മുന്നേറുന്നു.റിലീസ് ചെയ്ത് 17 ദിവസങ്ങൾ പിന്നിടുമ്പോൾ ‘സയ്യാറ’യുടെ ബോക്സ് ഓഫീസ് കളക്ഷൻ 299.75 കോടി രൂപയിലെത്തി. പ്രമുഖ ഇൻഡസ്ട്രി ട്രാക്കർ ആയ Sacnilk-ന്റെ റിപ്പോർട്ട് അനുസരിച്ച്, മൂന്നാം ഞായറാഴ്ച (ഓഗസ്റ്റ് 3) മാത്രം ചിത്രം 8 കോടി രൂപ നേടി. 39.10 ശതമാനം ഹിന്ദി ഒക്യുപ്പൻസിയോടെയാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്.
പ്രേമബന്ധങ്ങളുടെ തീവ്രതയും, നഷ്ടങ്ങളും, ഹൃദയഭേദകമായ നിമിഷങ്ങളും അനാവരണം ചെയ്യുന്ന ഈ ചിത്രം യുവതലമുറയുടെ ഇടയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഓർമ്മക്കുറവിൻ്റെ രോഗം ബാധിച്ച വാണി ബത്ര എന്ന യുവ പത്രപ്രവർത്തകയുമായി പ്രണയത്തിലാകുന്ന കൃഷ് കപൂർ എന്ന സംഗീതജ്ഞന്റെ കഥയാണ് ‘സയ്യാറ’ പറയുന്നത്. ഗീത അഗർവാൾ, രാജേഷ് കുമാർ, വരുൺ ബഡോല എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.