CricketSports

അഞ്ചാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് ! ജയിക്കാൻ ഇന്ത്യക്ക് 4 വിക്കറ്റ് വേണം; ഇംഗ്ലണ്ടിന് 35 റൺസും

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. നാലാം ദിവസത്തെ കളി മോശം വെളിച്ചവും മഴയും കാരണം നേരത്തെ അവസാനിപ്പിച്ചപ്പോൾ വിജയത്തിലേക്ക് 35 റൺസ് മാത്രമാണ് ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്. അതേസമയം, പരമ്പരയിൽ 3-1 ന് തോൽവി ഒഴിവാക്കാൻ ഇന്ത്യക്ക് നാല് വിക്കറ്റ് കൂടി വീഴ്ത്തണം. പരിക്കുമൂലം ക്രിസ് വോക്‌സ് ബാറ്റ് ചെയ്യുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകൾ മതിയാകും.

ഈ മത്സരത്തിൽ ഇന്ത്യ പരാജയപ്പെടുകയാണെങ്കിൽ, അത് സന്ദർശകർക്ക് വലിയ നിരാശ നൽകും. കാരണം ഈ ടെസ്റ്റ് തോറ്റാൽ പരമ്പര ഇംഗ്ലണ്ട് 3-1 ന് സ്വന്തമാക്കും. ഈ പരമ്പരയിൽ ഉടനീളം ഇന്ത്യക്ക് വിജയ സാധ്യത ഉണ്ടായിരുന്നിട്ടും അതിൽനിന്ന് പരാജയത്തിലേക്ക് വഴിമാറുന്നത് പതിവാകുന്നുണ്ട്.

ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിലുള്ള യുവനിരക്ക് എല്ലാ മത്സരങ്ങളിലും മേധാവിത്വം നേടാൻ സാധിച്ചിരുന്നെങ്കിലും, നിർണായക നിമിഷങ്ങളിൽ ഇംഗ്ലണ്ട് ശക്തമായി തിരിച്ചുവന്നു.
അഞ്ചാം ടെസ്റ്റിലും സമാനമായ സാഹചര്യമാണ് കണ്ടത്. യശസ്വി ജയ്‌സ്വാളിന്റെ തകർപ്പൻ സെഞ്ച്വറിയുടെയും ആകാശ് ദീപ്, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ എന്നിവരുടെ അർദ്ധ സെഞ്ച്വറികളുടെയും പിൻബലത്തിൽ ഇന്ത്യ 374 റൺസിന്റെ വിജയലക്ഷ്യം മുന്നോട്ട് വെച്ചെങ്കിലും ഇപ്പോൾ പരാജയത്തിന്റെ വക്കിലാണ്.

ഇന്ത്യയുടെ ഈ പരമ്പരയിലെ പ്രകടനത്തെ മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ രൂക്ഷമായി വിമർശിച്ചു. സോണി സ്‌പോർട്‌സ് നെറ്റ്‌വർക്കിനോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞത് ഇങ്ങനെ: “മൊത്തത്തിൽ നോക്കുകയാണെങ്കിൽ, ഒരു ടീം കൂടുതൽ മത്സരങ്ങൾ ജയിച്ചു, മറ്റൊന്ന് കൂടുതൽ സെഷനുകൾ ജയിച്ചു എന്ന തരത്തിലാണ് കാര്യങ്ങൾ. പക്ഷേ, അവസാനം മത്സര ഫലമാണ് പ്രധാനം. ഈ മത്സരം ജയിച്ച് ഇന്ത്യ പരമ്പര സമനിലയിലാക്കിയില്ലെങ്കിൽ, ഇംഗ്ലണ്ടാണ് മികച്ച ടീമെന്ന് സമ്മതിക്കേണ്ടിവരും. നിങ്ങൾ എത്ര സെഷനുകൾ ജയിച്ചു എന്നത് ഇവിടെ വിഷയമല്ല.”