KeralaNews

സംസ്ഥാനത്ത് 5 ദിവസം അതിതീവ്ര മഴ: ഇന്ന് 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്; അതീവ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തെക്കൻ തമിഴ്‌നാടിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നതും പടിഞ്ഞാറൻ കാറ്റ് ശക്തമായതുമാണ് കനത്ത മഴയ്ക്ക് കാരണം.

പല ജില്ലകളിലും ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യതയുണ്ട്.

ഇന്ന് (ഓഗസ്റ്റ് 4) ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് അതിശക്തമായ മഴ മുന്നറിയിപ്പുള്ളത്. മറ്റ് എട്ട് ജില്ലകളിലും യെല്ലോ അലർട്ട് നിലവിലുണ്ട്.

നദികൾ കരകവിയുന്നു, വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

ശക്തമായ മഴയെ തുടർന്ന് മൂവാറ്റുപുഴ, തൊടുപുഴ ആറുകളിലെ ജലനിരപ്പ് മുന്നറിയിപ്പ് നില കടന്നു. അതിരപ്പള്ളി-മലക്കപ്പാറ റൂട്ടിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് ഈ മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്ന് അടച്ചിട്ടു. മലപ്പുറം കാളികാവ് ചിങ്കക്കല്ലിൽ രാത്രിയുണ്ടായ മലവെള്ളപ്പാച്ചിലിൽ ഏഴോളം വീടുകളിൽ വെള്ളം കയറി. തിരുവനന്തപുരം ജില്ലയുടെ തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമാണ്.

കടലിൽ പോകരുത്

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഓഗസ്റ്റ് 7 വരെ മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്ക് ഏർപ്പെടുത്തി. തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തീരദേശവാസികൾ അതീവ ജാഗ്രത പാലിക്കണം.

ജില്ല തിരിച്ചുള്ള മഴ മുന്നറിയിപ്പുകൾ

ഓറഞ്ച് അലർട്ട് (അതിശക്തമായ മഴ)

  • ഓഗസ്റ്റ് 04: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ.
  • ഓഗസ്റ്റ് 05: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം.
  • ഓഗസ്റ്റ് 06: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.
  • ഓഗസ്റ്റ് 07: കണ്ണൂർ, കാസർകോട്.

യെല്ലോ അലർട്ട് (ശക്തമായ മഴ)

  • ഓഗസ്റ്റ് 04: തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.
  • ഓഗസ്റ്റ് 05: തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.
  • ഓഗസ്റ്റ് 06: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്.
  • ഓഗസ്റ്റ് 07: മലപ്പുറം, കോഴിക്കോട്, വയനാട്.

മലയോര മേഖലകളിലും നദീതീരങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നും അടിയന്തര സാഹചര്യങ്ങളിൽ അധികൃതരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.