
ഫിൻലൻഡിൽ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് പുതിയ അവസരങ്ങൾ: 2026 മുതൽ ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം ആരംഭിക്കും
വിദേശ വിദഗ്ധരെ രാജ്യത്തേക്ക് ആകർഷിക്കുന്നതിനുള്ള തങ്ങളുടെ നയത്തിന്റെ ഭാഗമായി, സ്കൂൾ വിദ്യാഭ്യാസം ഇംഗ്ലീഷിൽ പൂർത്തിയാക്കാൻ അനുമതി നൽകി ഫിൻലൻഡ്. 2026 മുതൽ ഈ പുതിയ നിയമം പ്രാബല്യത്തിൽ വരും.
ഇംഗ്ലീഷ് ഭാഷയിൽ ഫിന്നിഷ് പാഠ്യപദ്ധതി പൂർണ്ണമായും പഠിക്കാൻ വിദ്യാർത്ഥികളെ ഇത് സഹായിക്കും.
പുതിയ നിയമം 2024 ഡിസംബറിലാണ് പാസാക്കിയത്. കുടുംബത്തോടൊപ്പം ഫിൻലൻഡിലേക്ക് കുടിയേറുന്നവർക്ക്, അവരുടെ കുട്ടികളുടെ വിദ്യാഭ്യാസം എളുപ്പത്തിലാക്കുകയാണ് പ്രധാന ലക്ഷ്യം. രാജ്യത്തെ തൊഴിൽ ക്ഷാമം പരിഹരിക്കുന്നതിനായി വിദേശ പ്രതിഭകളെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം, 2026 ഓഗസ്റ്റ് മുതൽ ഇംഗ്ലീഷ് മീഡിയം അപ്പർ സെക്കൻഡറി വിദ്യാഭ്യാസം ആരംഭിക്കും. ഇതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുതിയ പാഠ്യപദ്ധതി സമർപ്പിക്കാനും അംഗീകാരം നേടാനും അവസരം നൽകും.നിലവിൽ, ഫിന്നിഷ്, സ്വീഡിഷ് ഭാഷകളിൽ മാത്രമാണ് ഫിൻലൻഡിലെ ഫൈനൽ ഇയർ സെക്കൻഡറി സ്കൂൾ പരീക്ഷകൾ നടത്തുന്നത്. എന്നാൽ, പുതിയ നയം അനുസരിച്ച്, 2028 ഓഗസ്റ്റ് മുതൽ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷിലും പരീക്ഷ എഴുതാൻ സാധിക്കും. ഫിന്നിഷ് അല്ലെങ്കിൽ സ്വീഡിഷ് ഭാഷയിൽ പ്രാവീണ്യം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് രാജ്യത്തെ മുഖ്യധാരാ വിദ്യാഭ്യാസം പൂർത്തിയാക്കാൻ ഇത് സഹായകമാകും.
ഇന്റർനാഷണൽ ബാക്കലോറിയേറ്റ് (ഐ.ബി.) ഡിപ്ലോമ പ്രോഗ്രാം നിലവിൽ ചില ഫിന്നിഷ് സ്കൂളുകളിൽ ലഭ്യമാണ്. എന്നാൽ, ഇത് ഒരു പ്രത്യേക ആഗോള പാഠ്യപദ്ധതിയെ അടിസ്ഥാനമാക്കിയുള്ളതാണ്. പുതിയ ഇംഗ്ലീഷ് മീഡിയം ട്രാക്ക് ഫിൻലൻഡിന്റെ ദേശീയ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാഗമായിരിക്കും, കൂടാതെ സാധാരണ അപ്പർ സെക്കൻഡറി സ്കൂൾ വിഷയങ്ങളെല്ലാം ഇതിൽ ഉൾപ്പെടുകയും ചെയ്യും.