
ഇന്ത്യ റഷ്യൻ എണ്ണ വാങ്ങി ലാഭമുണ്ടാക്കുന്നു; താരിഫ് കുത്തനെ കൂട്ടുമെന്ന് ട്രംപിന്റെ പുതിയ ഭീഷണി
വാഷിംഗ്ടൺ: ഇന്ത്യ റഷ്യയിൽ നിന്ന് വൻതോതിൽ എണ്ണ വാങ്ങുന്നതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യൻ എണ്ണ വാങ്ങി ഇന്ത്യ വൻ ലാഭമുണ്ടാക്കുകയാണെന്നും ഇതിനാൽ ഇന്ത്യയ്‌ക്കെതിരായ ഇറക്കുമതി തീരുവ (താരിഫ്) ഗണ്യമായി വർദ്ധിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച (ഓഗസ്റ്റ് 4, 2025) സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം.
“ഇന്ത്യ റഷ്യയിൽ നിന്ന് വൻതോതിൽ എണ്ണ വാങ്ങുക മാത്രമല്ല, അതിൽ ഭൂരിഭാഗവും വലിയ ലാഭത്തിന് തുറന്ന വിപണിയിൽ വിൽക്കുകയും ചെയ്യുന്നു. റഷ്യൻ യുദ്ധ യന്ത്രം കാരണം ഉക്രെയ്നിൽ എത്രപേർ കൊല്ലപ്പെടുന്നുവെന്നത് അവർക്ക് ഒരു വിഷയമേയല്ല. ഇക്കാരണത്താൽ, ഇന്ത്യ യുഎസ്എയ്ക്ക് നൽകുന്ന താരിഫ് ഞാൻ ഗണ്യമായി വർദ്ധിപ്പിക്കും,” ട്രംപ് കുറിച്ചു.
ജൂലൈ 31-ന് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25% താരിഫ് ഏർപ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ ഭീഷണി. ഇന്ത്യയുടെ ഉയർന്ന നികുതി ഘടനയും വ്യാപാര രംഗത്തെ തടസ്സങ്ങളുമാണ് താരിഫ് ഏർപ്പെടുത്താൻ കാരണമെന്നായിരുന്നു ആദ്യ വിശദീകരണം. എന്നാൽ പുതിയ പ്രസ്താവനയോടെ, ഇന്ത്യയുടെ റഷ്യൻ എണ്ണ ഇടപാടാണ് യുഎസ്സിനെ കൂടുതൽ പ്രകോപിപ്പിക്കുന്നതെന്ന് വ്യക്തമായി.
ഇന്ത്യയുടെ പ്രതികരണവും ആശങ്കകളും
ട്രംപിന്റെ പ്രഖ്യാപനത്തിന്റെ പ്രത്യാഘാതങ്ങൾ പഠിച്ചുവരികയാണെന്നും രാജ്യതാൽപ്പര്യം സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പാർലമെന്റിനെ അറിയിച്ചു. അതേസമയം, താരിഫുകൾ ചുമത്തുന്നത് ഇന്ത്യയിലെ കയറ്റുമതിക്കാർക്കല്ല, മറിച്ച് യുഎസ്സിലെ ഇറക്കുമതിക്കാർക്കാണ് കൂടുതൽ ഭാരമാവുകയെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
ട്രംപിന്റെ പുതിയ താരിഫ് നയം ഓഗസ്റ്റ് 7 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് നടപ്പിലായാൽ വിയറ്റ്നാം, ഇന്തോനേഷ്യ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് വിപണിയിൽ കനത്ത തിരിച്ചടിയുണ്ടാകും.