Cinema

സെക്സ് സീൻ കാണാനെത്തിയ ജനക്കൂട്ടം! ഫിലിം ഫെസ്റ്റിവലിൽ ഡെലിഗേറ്റ് പാസ് സംവിധാനം കൊണ്ടുവന്നതിന്റെ കാരണം വെളിപ്പെടുത്തി അടൂർ ഗോപാലകൃഷ്ണൻ

തിരുവനന്തപുരം: ഫിലിം ഫെസ്റ്റിവലുകൾക്ക് ആദ്യമായി ഡെലിഗേറ്റ് പാസ് സംവിധാനം ഏർപ്പെടുത്തിയത് കേരളമാണെന്ന് പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. സിനിമാ കോൺക്ലേവിൽ സംസാരിക്കവേയാണ് ഫെസ്റ്റിവലുകളിൽ സിനിമയുമായി ബന്ധമില്ലാത്തവരുടെ തള്ളിക്കയറ്റം ഒഴിവാക്കാൻ വേണ്ടിയാണ് ഈ സംവിധാനം ആരംഭിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തിയത്.

ഇതിനു പിന്നിലെ ഒരു രസകരമായ സംഭവം അടൂർ പങ്കുവെച്ചു. ഒരിക്കൽ ശ്രീ തിയേറ്ററിൽ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ സിനിമയിൽ ഒരു സെക്സ് സീനുണ്ടെന്ന വാർത്തയെ തുടർന്ന് തിയേറ്ററിന്റെ പുറകിലുള്ള വാതിൽ തകർത്ത് അകത്തുകടക്കാൻ ചാലയിലെ തൊഴിലാളികളുടെ ഒരു സംഘം ശ്രമം നടത്തി. സിനിമ കാണാനിരിക്കുന്നവരുടെ തലക്ക് മുകളിലേക്ക് ആ സീൻ കാണാനുള്ള ആകാംക്ഷയിലുള്ള ഇവരുടെ ശ്വാസം വന്നുവീഴുകയായിരുന്നു.

ആ നിമിഷമാണ് സിനിമയുമായി ബന്ധമില്ലാത്ത ആളുകൾ ഫെസ്റ്റിവലുകളിൽ കയറുന്നത് തടയണമെന്ന് താൻ തീരുമാനിക്കുന്നതെന്നും അങ്ങനെയാണ് ഡെലിഗേറ്റ് പാസ് സംവിധാനം ആരംഭിക്കുന്നതെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.