
ആശിർനന്ദയുടെ മരണം: മുൻ പ്രിൻസിപ്പൽ ഉൾപ്പെടെ 3 അധ്യാപകർക്കെതിരെ കേസ്; ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം നടപടി
പാലക്കാട്: ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ആശിർനന്ദയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മുൻ പ്രിൻസിപ്പൽ അടക്കം മൂന്ന് അധ്യാപകർക്കെതിരെ പൊലീസ് കേസെടുത്തു. മുൻ പ്രിൻസിപ്പൽ ജോയ്‌സി, അധ്യാപകരായ സ്റ്റെല്ലാ ബാബു, അർച്ചന എന്നിവർക്കെതിരെയാണ് ശ്രീകൃഷ്ണപുരം പൊലീസ് കേസെടുത്തിരിക്കുന്നത്. കുട്ടികളോടുള്ള ക്രൂരത തടയുന്നതിനുള്ള ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ 75-ാം വകുപ്പ് ചുമത്തി, കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് നടപടി.
കഴിഞ്ഞ ജൂൺ 23-നാണ് പതിനാലുകാരിയായ ആശിർനന്ദയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ ആശിർനന്ദയെ ക്ലാസ് മുറിയിൽ മാറ്റിയിരുത്തിയെന്നും ഇതിൽ കുട്ടിക്ക് കടുത്ത മാനസിക വിഷമമുണ്ടായിരുന്നുവെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ സ്കൂളിനെതിരെ പരാതി നൽകുകയായിരുന്നു. വൈകുന്നേരം സ്കൂളിൽ നിന്ന് തിരിച്ചെത്തിയ കുട്ടി രാത്രിയോടെയാണ് കടുംകൈ ചെയ്തത്.
കുടുംബത്തിന്റെ പരാതിക്ക് പിന്നാലെ വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. തുടർന്ന്, ആരോപണ വിധേയരായ പ്രിൻസിപ്പൽ ഉൾപ്പെടെ മൂന്ന് ജീവനക്കാരെയും സ്കൂൾ മാനേജ്മെന്റ് അന്വേഷണ വിധേയമായി പുറത്താക്കിയിരുന്നു. രക്ഷിതാക്കളുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് ഇപ്പോൾ അധ്യാപകർക്കെതിരെ ഔദ്യോഗികമായി കേസെടുത്ത് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്.