News

കേരളത്തിൽ പ്രളയ നിയന്ത്രണത്തിനായി പുതിയ പദ്ധതികളൊന്നും അനുവദിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കേരളത്തിൽ സമീപ വർഷങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമായി തുടരുമ്പോഴും, പ്രളയ നിയന്ത്രണത്തിനായി കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സംസ്ഥാനത്തിന് പുതിയ പദ്ധതികളൊന്നും അനുവദിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. വർഷങ്ങൾക്ക് മുൻപ് അനുവദിച്ച നാല് പദ്ധതികൾക്കായി വകയിരുത്തിയ തുകയുടെ പകുതിയോളം മാത്രമാണ് ഇതുവരെ കൈമാറിയതെന്നും കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീൽ ലോക്‌സഭയെ അറിയിച്ചു.

കെ. ഫ്രാൻസിസ് ജോർജ് എംപി ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ നിർണായക വിവരങ്ങളുള്ളത്. കോട്ടയം പോലുള്ള ജില്ലകളിൽ പ്രളയം ആവർത്തിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സഹായത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.

ലഭിക്കാനുള്ളത് 141 കോടി

പ്രളയ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളെ സഹായിക്കുന്ന ‘ഫ്ലഡ് മാനേജ്‌മെന്റ് ആൻഡ് ബോർഡർ ഏരിയാസ് പ്രോഗ്രാമിന്’ (FMBAP) കീഴിൽ പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ കാലത്ത് കേരളത്തിനായി 279.74 കോടി രൂപയുടെ 4 പദ്ധതികൾ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, വർഷങ്ങൾ കഴിഞ്ഞിട്ടും ഇതിൽ 137.95 കോടി രൂപ (49%) മാത്രമാണ് കേന്ദ്ര സഹായമായി സംസ്ഥാനത്തിന് ലഭിച്ചത്. 141 കോടിയിലധികം രൂപ ഇനിയും ലഭിക്കാനുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഈ പദ്ധതിക്ക് കീഴിൽ പുതിയ പദ്ധതികളൊന്നും കേരളത്തിനായി അനുവദിച്ചിട്ടുമില്ല.

കോട്ടയത്ത് പ്രളയം രൂക്ഷം

കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലകളായ കുമരകം, തിരുവാർപ്പ്, ഐമനം എന്നിവിടങ്ങളിൽ വെള്ളപ്പൊക്കം സ്ഥിരം പ്രതിഭാസമാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചതായി കേന്ദ്രം സമ്മതിക്കുന്നു. മീനച്ചിൽ, മുവാറ്റുപുഴ, മണിമല നദികളാണ് ജില്ലയിൽ പ്രധാനമായും വെള്ളപ്പൊക്കത്തിന് കാരണമാകുന്നതെന്നും റിപ്പോർട്ടിലുണ്ട്. 2018-ലെയും 2021-ലെയും പ്രളയങ്ങൾ സംസ്ഥാനത്ത് വലിയ നാശനഷ്ടങ്ങൾക്കിടയാക്കിയിരുന്നു. 2018-ൽ 450 പേർക്കും 2021-ൽ 131 പേർക്കും പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടതായി കേന്ദ്ര ജല കമ്മീഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

പ്രളയ നിയന്ത്രണ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കേണ്ടത് സംസ്ഥാന സർക്കാരുകളുടെ ചുമതലയാണെന്നും, കേന്ദ്രം സാങ്കേതികവും സാമ്പത്തികവുമായ പിന്തുണ നൽകുക മാത്രമാണ് ചെയ്യുന്നതെന്നും മറുപടിയിൽ പറയുന്നു. സംസ്ഥാന ദുരന്ത നിവാരണ നിധിയിലേക്ക് (SDRF) കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേന്ദ്ര വിഹിതമായി 1335.20 കോടി രൂപ കേരളത്തിന് നൽകിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.