
കൊച്ചിൻ ഷിപ്പ്‌യാർഡ് നിർമ്മിക്കും 8 ഹരിത കപ്പലുകൾ: ജലപാതകൾക്ക് 6800 കോടി; ഹൈഡ്രജൻ കപ്പൽ നീറ്റിലിറങ്ങി
ന്യൂഡൽഹി: രാജ്യത്തെ ഉൾനാടൻ ജലപാതകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി കഴിഞ്ഞ 5 വർഷത്തിനിടെ 6833 കോടി രൂപയുടെ നിക്ഷേപം അനുവദിച്ചതായി കേന്ദ്ര സർക്കാർ.
ഗതാഗത കാര്യക്ഷമത വർധിപ്പിക്കുന്നതിനും പ്രാദേശിക സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ ബൃഹദ് പദ്ധതികൾ നടപ്പാക്കുന്നതെന്ന് കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സർബാനന്ദ സോനോവാൾ ലോക്സഭയെ അറിയിച്ചു.
ഹരിത ഷിപ്പിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന് (CSL) 8 ഹൈബ്രിഡ് ഇലക്ട്രിക് കപ്പലുകൾ (catamaran) നിർമ്മിക്കാൻ ഓർഡർ നൽകിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. ഇതുകൂടാതെ, കൊച്ചിൻ ഷിപ്പ്‌യാർഡ് നിർമ്മിച്ച രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ഇന്ധന കപ്പൽ ഇതിനകം വാരണാസിയിൽ നീറ്റിലിറക്കി സേവനം ആരംഭിച്ചതായും മന്ത്രിയുടെ മറുപടിയിൽ പറയുന്നു.
പ്രാദേശിക സമൂഹത്തിനും നേട്ടം
ജൽ മാർഗ് വികാസ് പദ്ധതിയുടെ ഭാഗമായി, ഗംഗാ നദിയുടെ തീരത്ത് (ദേശീയ ജലപാത-1) ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലായി 60 കമ്മ്യൂണിറ്റി ജെട്ടികളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. കർഷകർ, മത്സ്യത്തൊഴിലാളികൾ, മറ്റ് പ്രാദേശിക സമൂഹങ്ങൾ എന്നിവരുടെ സാമൂഹിക-സാമ്പത്തിക ഉന്നമനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ജലഗതാഗത മേഖലയുടെ വികസനം റിവർ ക്രൂയിസ് ടൂറിസം, കപ്പൽ രൂപകൽപ്പന, ടെർമിനൽ നിർമ്മാണം, ഡ്രെഡ്ജിംഗ് തുടങ്ങി നിരവധി മേഖലകളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു. ഗംഗാ നദിയിലെ വാരണാസി-ഹാൽദിയ പാതയുടെ വികസനത്തിനാണ് ഏറ്റവും കൂടുതൽ തുക (5061 കോടി രൂപ) അനുവദിച്ചിട്ടുള്ളത്.