
മോസ്കോ: റഷ്യൻ നേതാക്കളുടെ പ്രകോപനപരമായ പ്രസ്താവനകൾക്ക് മറുപടിയായി അമേരിക്കൻ ആണവ അന്തർവാഹിനികളെ നിർണായക മേഖലകളിലേക്ക് അയക്കാൻ ഉത്തരവിട്ടെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ലോകം ആശങ്കയിൽ. എന്നാൽ, ട്രംപിന്റെ ഭീഷണിയെ പുച്ഛിച്ചുതള്ളിയ റഷ്യ, അമേരിക്കൻ അന്തർവാഹിനികൾ തങ്ങളുടെ നിരീക്ഷണ വലയത്തിലാണെന്ന് തിരിച്ചടിച്ചു.
“ട്രംപ് പറയുന്ന ആ രണ്ട് അമേരിക്കൻ അന്തർവാഹിനികളും വളരെക്കാലമായി ഞങ്ങളുടെ നിരീക്ഷണ വലയത്തിലും ലക്ഷ്യത്തിലുമാണ്,” റഷ്യൻ പാർലമെന്റ് അംഗം വിക്ടർ വോഡോലാറ്റ്സ്കി ടാസ് വാർത്താ ഏജൻസിയോട് പറഞ്ഞു. “ലോക സമുദ്രങ്ങളിൽ അമേരിക്കയേക്കാൾ കൂടുതൽ ആണവ അന്തർവാഹിനികൾ റഷ്യയ്ക്കുണ്ട്. അതിനാൽ ട്രംപിന്റെ പ്രസ്താവനയ്ക്ക് റഷ്യ ഔദ്യോഗികമായി മറുപടി നൽകേണ്ട ആവശ്യമില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ചുള്ള ചർച്ചകൾ അവസാനിപ്പിക്കാൻ റഷ്യയും അമേരിക്കയും തമ്മിൽ ഒരു അടിസ്ഥാന കരാർ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റഷ്യൻ സുരക്ഷാ കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ദിമിത്രി മെദ്‌വദേവിന്റെ പ്രസ്താവനകളാണ് പ്രകോപനത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപ് വെള്ളിയാഴ്ച തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ അന്തർവാഹിനികളെ പുനർവിന്യസിക്കാൻ ഉത്തരവിട്ടതായി കുറിച്ചത്.
വിപണിയിൽ ആശങ്ക; നയതന്ത്ര തലത്തിൽ മയപ്പെടുത്തൽ
ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ മോസ്കോ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയിൽ 1 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. എന്നാൽ, ട്രംപിന്റെ വാക്കുകളെ അത്ര ഗൗരവമായി കാണേണ്ടതില്ലെന്ന് റഷ്യയിലെ പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ ഫിയോദർ ലുക്യാനോവ് അഭിപ്രായപ്പെട്ടു. “ട്രംപ് വൈകാരികമായാണ് പ്രതികരിക്കുന്നത്. ഇതൊരു വാക്പോര് മാത്രമാണ്,” അദ്ദേഹം പറഞ്ഞു.
അതേസമയം, റഷ്യയും അമേരിക്കയും തമ്മിൽ നേരിട്ടുള്ള ഒരു സൈനിക ഏറ്റുമുട്ടൽ ഉണ്ടാകരുതെന്ന അമേരിക്കൻ ഭരണകൂടത്തിന്റെ നിലപാടിനോട് പൂർണ്ണമായും യോജിക്കുന്നുവെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് വ്യക്തമാക്കി. യൂറോപ്യൻ രാജ്യങ്ങൾ യുദ്ധത്തിനായി സമ്മർദ്ദം ചെലുത്തുമ്പോഴും, നേരിട്ടുള്ള ഏറ്റുമുട്ടൽ ഒഴിവാക്കണമെന്ന അമേരിക്കൻ നിലപാട് സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.