FootballSports

മെസിയുടെ മുംബൈ സന്ദർശനം ഡിസംബർ 14 ന്: വാങ്കഡെ സ്റ്റേഡിയം വീണ്ടും ചരിത്രത്തിന് സാക്ഷി

മുംബൈ: ലോക ഫുട്ബോളിലെ ഇതിഹാസ താരം ലയണൽ മെസ്സി ഡിസംബർ 14-ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം സന്ദർശിക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് സന്തോഷം നൽകുന്ന ഈ വാർത്ത, ക്രിക്കറ്റ് ചരിത്രത്തിന്റ പ്രധാന വേദിയായ വാങ്കഡെയെ മറ്റൊരു ലോകോത്തര കായിക താരത്തിന്റെ സാന്നിധ്യം കൊണ്ട് വീണ്ടും നിറച്ചേക്കും. 2011-ലെ ലോകകപ്പ് വിജയമടക്കം നിരവധി ചരിത്രനിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച ഈ സ്റ്റേഡിയത്തിൽ മെസ്സിയുടെ വരവ് ഒരു പുതിയ അധ്യായം കുറിക്കും.

വിസ്ക്രാഫ്റ്റ് (Wizcraft) എന്ന ഇവന്റ് ഓർഗനൈസർമാർ പരിപാടിക്കായി മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ (MCA) അനുമതി തേടിയിരുന്നു. ടിക്കറ്റ് വെച്ചുള്ള പരിപാടിക്ക് അനുമതി ലഭിച്ചതായി എംസിഎയിലെ വിശ്വസനീയ കേന്ദ്രങ്ങൾ വെളിപ്പെടുത്തി. മെസ്സിക്കൊപ്പം ചില സൂപ്പർതാര ക്രിക്കറ്റർമാരും ചടങ്ങിൽ പങ്കെടുത്തേക്കുമെന്നും സൂചനയുണ്ട്.

ഡിസംബർ 13 മുതൽ 15 വരെ മെസ്സി ഇന്ത്യയിലെ മൂന്ന് പ്രധാന നഗരങ്ങളായ കൊൽക്കത്ത, ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ സന്ദർശനം നടത്തുമെന്നും അദ്ദേഹത്തിന്റെ കരിയർ ആഘോഷിക്കുന്ന പരിപാടികളിൽ പങ്കെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കൊൽക്കത്തയിലെ ഐതിഹാസിക ഈഡൻ ഗാർഡൻസിൽ മെസ്സിയെ ആദരിക്കുന്ന ചടങ്ങിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുത്തേക്കും. കൊൽക്കത്തയിലെ സന്ദർശനത്തിനിടെ മെസ്സി കുട്ടികൾക്കായി ഒരു ഫുട്ബോൾ വർക്ക്ഷോപ്പും ഫുട്ബോൾ ക്ലിനിക്കും നടത്തും. അദ്ദേഹത്തോടുള്ള ആദരസൂചകമായി ‘GOAT CUP’ എന്ന പേരിൽ ഒരു സെവൻ-എ-സൈഡ് ടൂർണമെന്റും ഈഡൻ ഗാർഡൻസിൽ സംഘടിപ്പിക്കും.